ദുബായ് – ഷാര്‍ജയിലെ അല്‍നഹ്ദ പ്രദേശത്തെ അംബരചുംബിയായ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്നുണ്ടായ അഗ്നിബാധയില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ 44-ാം നിലയില്‍ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റും കനത്ത പുക ശ്വസിച്ചും ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്നിബാധയെ കുറിച്ച് രാവിലെ 11.31 ന് ആണ് ഷാര്‍ജ സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചത്.
ടവറിന്റെ മുകളിലത്തെ നിലകളിലാണ് അഗ്നിബാധയുണ്ടായത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാനും തീ നിയന്ത്രണവിധേയമാക്കാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനും ഒരേസമയം പ്രവര്‍ത്തിച്ചു. പ്രദേശം സുരക്ഷിതമാക്കാനും ഗതാഗതം നിയന്ത്രിക്കാനും എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും പട്രോള്‍ പോലീസ് നടപടികളെടുത്തു. അഗ്നിബാധയുടെ കാരണം കണ്ടെത്താനും കെട്ടിടം സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും അധികൃതര്‍ അന്വേഷണം ആരംഭിച്ചു.