ദുബായ്: ബലിപെരുന്നാളിന്റെ ഭാഗമായി ജൂൺ 6 നും 7 നും ദുബായ് ഇമിഗ്രേഷന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം നടത്തും. ദുബായ് അൽ ഖൂസിലാണ് “സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2025 വിത്ത് അസ്!” എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തുന്ന ഈ പരിപാടി ദുബായിലെ തൊഴിലാളികൾക്കായി സർക്കാർ നടത്തുന്ന ഏറ്റവും വലിയ വിനോദ കലാ പരിപാടിയാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് അസിസ്റ്റന്റ് ഡയറക്റ്റർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.
പി.സി.എൽ.എ, തഖ്ദീർ അവാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക ഈദ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണ ഓൺലൈനിലും ഓഫ്‌ലൈനിലും പരിപാടികൾ നടക്കും. ഉച്ച മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഓൺലൈൻ പരിപാടിയിൽ ആളുകൾക്ക് കലാപ്രകടനങ്ങൾ തത്സമയം കാണാം. ലൈവായി പരിപാടികൾ കാണുന്നവർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിമാന ടിക്കറ്റുകൾ, സ്വർണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, 500 ദിർഹത്തിന്‍റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ഇതിലൂടെ നേടാൻ സാധിക്കും. റാഫിൾ ഡ്രോയിൽ പങ്കെടുക്കുന്നതിന് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ ബ്രോഷറിലെ ക്യു.ആർ കോഡിൽ വെള്ളിയാഴ്ച മൊബൈൽ നമ്പർ നൽകി പേര് രജിസ്റ്റർ ചെയ്യണം.
വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അൽ ഖൂസിലെ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ തത്സമയ കലാപരിപാടികൾ അരങ്ങേറും. ഭാംഗ്രാ നൃത്തം, ബോളിവുഡ് താരങ്ങളുടെ കലാ പ്രകടനങ്ങൾ, വിവിധ ഷോകൾ, സൈക്കിൾ ഷോകൾ, ഫയർ ഷോകൾ തുടങ്ങി നിരവധി വിനോദപരിപാടികൾ അരങ്ങേറും.







