ഗാസ – ഗാസയില്‍ പോലീസ് സ്റ്റേഷന് നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഓഫീസര്‍ ഉള്‍പ്പെടെ എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ പോലീസും മെഡിക്കല്‍ ഉദ്യോഗസ്ഥരും പറഞ്ഞു. ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫാലൂജ പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് മര്‍വാന്‍ സാലിമും ഏതാനും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. എട്ട് മൃതദേഹങ്ങള്‍ ഗാസയിലെ അല്‍ശിഫ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസ മുനമ്പിലെ റഫയില്‍ ഇസ്രായില്‍ വെടിവെപ്പില്‍ മുഅ്തസ് അബൂശഅര്‍ (10) എന്ന ബാലന് ഗുരുതരമായി പരിക്കേറ്റതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ബാലന്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ഫലമായി ഒരു സ്ത്രീ ഉള്‍പ്പെടെ എട്ട് രക്തസാക്ഷികളെയും പരിക്കേറ്റ 13 പേരെയും ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. പോലീസ് സ്റ്റേഷനു നേരെ വ്യോമാക്രമണം നടത്തി ഇസ്രായില്‍ നടത്തിയ കൂട്ടക്കൊലയെ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. യുദ്ധക്കുറ്റവാളികളായ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗവണ്‍മെന്റിന്റെ നിയമ ലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്നും അപലപിക്കണമെന്നും മധ്യസ്ഥരോടും യു.എസ് ഭരണകൂടത്തോടും തങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 3,689 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹമാസ് സര്‍ക്കാര്‍ മീഡിയ ഓഫീസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ഇരുപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ഗാസ മുനമ്പിന്റെ 60 ശതമാനത്തിലധികവും കൈവശപ്പെടുത്തിയിരിക്കുന്ന ഇസ്രായില്‍ ഗാസയില്‍ നിരന്തരം വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തുന്നുണ്ട്. ഐക്യരാഷ്ട്രസഭ വിശ്വസനീയമെന്ന് കരുതുന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ കുറഞ്ഞത് 1,110 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവില്‍ അഞ്ച് സൈനികരും ഒരു സിവിലിയന്‍ കരാറുകാരനും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



