ദുബായ്: ദുബായ് പോലീസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി കഴിഞ്ഞ ദിവസം എത്തി. ടെസ്‌ല സൈബർ ട്രക്ക് ബീസ്റ്റ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിൽ ഇറങ്ങും മുമ്പേ ഇത് ദുബായ് പോലീസിന്റെ പെട്രോളിംഗ് വാഹനമായി. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ ഇലക്ട്രിക് വാഹനം 2.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്.
ഒറ്റ ചാർജിങ്ങിൽ 547 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 4990 കിലോ ഭാരം വരെ കെട്ടിവലിക്കാനും ,15 മിനിറ്റ് ചാർജ് ചെയ്തു 206 കിലോമീറ്റർ വരെ ഓടിക്കാമെന്നുള്ളതും സൈബർ ട്രെക്ക് ബീസ്റ്റിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ടെസ്‌ലയുടെ സൈബർ ട്രക്ക് സ്വന്തമാക്കുമെന്ന് 2019 തന്നെ ദുബായ് പോലീസ് പ്രഖ്യാപിച്ചിരുന്നു.
സ്റ്റൈയിൻലസ്സ് സ്റ്റീൽ നിറത്തിൽ പുറത്തിറങ്ങിയ വാഹനം ദുബായ് പോലീസിന്റെ തനത് നിറമായ വെള്ളയിൽ പച്ച ഡിസൈൻ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന് അകമ്പടിയായി ഈ ആഡംബര പോലീസ് വാഹനം നീങ്ങുന്ന ചിത്രം ദുബായ് പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
96,390 ഡോളറാണ് ടെസ്‌ല സൈബർ ബീസ്റ്റിൻ്റെ വില. പൊതുജനത്തിന് കാണുന്നതിനും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും വേണ്ടി ജൂൺ 21 വരെ ദുബായ് മാളിൽ ഈ വാഹനം പ്രദർശനത്തിന് വെച്ചിട്ടുണ്ട്.