അബുദാബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ജയിൽ മോചിതരാകുന്ന തടവുകാരുടെ ശിക്ഷാവിധിയുടെ ഭാഗമായുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് തന്നെ നേരിട്ട് തീർപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പെരുന്നാൾ ദിനങ്ങളിൽ തടവുകാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേരാനും പുതിയൊരു ജീവിതം ആരംഭിക്കാനുമുള്ള സുവർണ്ണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനുമുള്ള യുഎഇ ഭരണകൂടത്തിന്റെ മാനുഷിക പരിഗണനയാണ് ഈ തീരുമാനത്തിന് പിന്നിൽ. കരുണയും സാമൂഹിക ഐക്യദാർഢ്യവും ഉയർത്തിപ്പിടിക്കുന്ന പ്രസിഡന്റിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് പെരുന്നാളിന് മുന്നോടിയായി ഇത്രയും പേർക്ക് പൊതുമാപ്പ് അനുവദിച്ചത്. വരും ദിവസങ്ങളിൽ ജയിൽ മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.



