അബുദാബി – മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിയായ യു.എ.ഇ പൗരന്‍ സെയ്ഫ് സാലിം സെയ്ഫ് അലി അല്‍മഖ്ബാലിയെ (50) അബുദാബി ഫെഡറല്‍ കോടതി ഓഫ് അപ്പീല്‍സിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മൊറോക്കന്‍ നിയമങ്ങള്‍ അത്തരം ആചാരങ്ങള്‍ അനുവദിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെട്ടുകൊണ്ട് മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും അവരെ വിവാഹം കഴിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പ്രസിദ്ധീകരിച്ചതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ പ്രതിയെ ത്വരിത വിചാരണക്ക് റഫര്‍ ചെയ്തിരുന്നു. രാജ്യദ്രോഹം, വിദ്വേഷം, സാമൂഹിക വിവേചനം എന്നിവക്ക് കാരണമാകുന്ന വാചാടോപങ്ങള്‍ പ്രതി ഉപയോഗിച്ചതായും ഇത് യു.എ.ഇ നിയമങ്ങളുടെയും ആഴത്തില്‍ വേരൂന്നിയ സാമൂഹിക മൂല്യങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചു.



