അബുദാബി: സസ്യജാലങ്ങളെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളില്‍ 10 കോടി വിത്തുകള്‍. ഓരോ ബലൂണിലുമായി തദ്ദേശീയ വൃക്ഷങ്ങളുടെയും ഗാഫ്, സമര്‍, മറ്റ് മരുഭൂ സസ്യങ്ങള്‍ എന്നിവയുടെ 1000 വിത്തുകള്‍ അടങ്ങിയിരുന്നു. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പ്രകൃതി ദത്ത ലാറ്റെക്‌സ് ഉപയോഗിച്ച് നിര്‍മിച്ച ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന നിര്‍ദേശം മാനിച്ചാണ് പരിപാടി നടന്നത്. മനോഹരമായ കാഴ്ച കാണാന്‍ അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവല്‍ വേദിയിൽ ആയിരങ്ങൾ തടിച്ചുകൂടി.
നേരത്തെ2024 ല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരവധിയിടങ്ങളില്‍ വിത്തുകള്‍ പാകിയിരുന്നു. ഒരേ സമയം 53 വിത്തുകള്‍ ഉള്‍ക്കൊള്ളാവുന്ന സീഡിങ് ഡ്രോണുകളായിരുന്നു ഉപയോഗിച്ചത്. കര, തീരദേശ ആവാസ വ്യവസ്ഥകളെ വിലയിരുത്താനും പുനസ്ഥാപിക്കാനുമാണ് അധികൃതര്‍ അന്താരാഷ്ട്ര പരിസ്ഥിതി സാങ്കേതിക കമ്പനിയായ ദേന്ദ്രയുമായി സഹകരിച്ച് സീഡിങ് ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നത്.
പതുവൽസരാഘോഷത്തിൻ്റെ ഭാഗമായി ഫെസ്റ്റിൽ സിറ്റിയിൽ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായ കലാവിരുന്നും 53 മിനിറ്റിലേറെ നീണ്ടുനിന്ന വെടിക്കെട്ടും ഉണ്ടായിരുന്നു.