ഷാർജ: കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. സണ്ണി കുര്യന് ഈ വർഷത്ത ഷാർജ എക്സലൻസ് പുരസ്കാരം. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി പുരസ്കാരം സമ്മാനിച്ചു.
36 വർഷമായി ഷാർജയിൽ ആരോഗ്യ രംഗത്ത് മികവ് പുലർത്തുന്ന ഡോ. സണ്ണി, ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ ഏക ഇന്ത്യക്കാരനാണ്. ആരോഗ്യ സംരംഭക മേഖലയിലെ സംഭാവനകൾക്കാണ് ഈ അംഗീകാരം. “ഈ പുരസ്കാരം എല്ലാ ഇന്ത്യക്കാർക്കും മലയാളികൾക്കുമുള്ള ആദരമാണ്,” അദ്ദേഹം പറഞ്ഞു.
നേരത്തെ രണ്ടുതവണ ഡോ. സണ്ണിയുടെ സ്ഥാപനമായ സണ്ണി സണ്ണീസ് ക്ലിനിക്കിന് ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെ എക്സലൻസ് പുരസ്കാരം ലഭിച്ചിരുന്നു. 2015-ൽ സണ്ണി ക്ലിനിക്ക് വിട്ടൊഴിഞ്ഞ്, ഷാർജ ഹെൽത്ത്കെയർ സിറ്റിയിൽ വൃദ്ധരുടെ പരിചരണത്തിനായി ‘സണ്ണി വെൽനെസ്’ എന്ന സ്ഥാപനം ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിച്ചാണ് ഇവിടെ ശുശ്രൂഷ നൽകുന്നത്.
ഭാര്യ: ഡോ. മീര ഗോപി കുര്യൻ. മക്കൾ: ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ.