ദുബായ്- ആഗോള യാത്രാ സ്വാതന്ത്ര്യത്തിൽ ചരിത്രനേട്ടം കുറിച്ച് യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടു. സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളിയാണ് യു.എ.ഇ ഈ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മുൻകൂട്ടി പരമ്പരാഗത വിസ നേടാതെ തന്നെ 182 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ യു.എ.ഇ പാസ്പോർട്ട് ഉടമകൾക്ക് സാധിക്കും. രാജ്യത്തിന്റെ ആഗോള നിലവാരത്തിന്റെയും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസ്യതയുടെയും പ്രതിഫലനമാണ് ഈ റാങ്കിംഗ്.
182 ആണ് യു.എ.ഇ പാസ്പോർട്ടിന്റെ മൊബിലിറ്റി സ്കോർ. ഇതിൽ 138 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും, വിസ-ഓൺ-അറൈവൽ ഉൾപ്പെടെയുള്ള ലളിതമായ നടപടിക്രമങ്ങളിലൂടെ 44 രാജ്യങ്ങളിലേക്കും പ്രവേശിക്കാം. സിംഗപ്പൂരും മലേഷ്യയും 175 സ്കോറോടെ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ, 174 സ്കോറുമായി സ്പെയിൻ മൂന്നാം സ്ഥാനത്തെത്തി. 167 മൊബിലിറ്റി സ്കോറുമായാണ് അമേരിക്ക പത്താം സ്ഥാനത്തുള്ളത്.
തത്സമയം വിവരങ്ങൾ പുതുക്കുന്ന ആർട്ടൺ ക്യാപിറ്റലിന്റെ പാസ്പോർട്ട് ഇൻഡക്സ്, ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളും മറ്റ് പ്രദേശങ്ങളും ഉൾപ്പെടെ ആകെ 199 പാസ്പോർട്ടുകളാണ് ഈ റാങ്കിംഗിനായി വിലയിരുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







