ജിദ്ദ– സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബങ്ങളെയും പോലീസിനെ ഉപയോഗിച്ച് വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് ഭരണകാലത്ത് ഇത്തരം നടപടികൾ സാധാരണക്കാരുടെ വ്യക്തിജീവിതം പോലും ദുസ്സഹമാക്കിയതായി കമ്മിറ്റി വിമർശിച്ചു. അധികാരമുപയോഗിച്ച് ഇത്തരത്തിൽ വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാൽപ്പാറയിൽ ഉണ്ടായ അപകടത്തിലും തൃശ്ശൂരിൽ വെടിമരുന്ന് നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിലും യോഗം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂർ മുഹമ്മദ്, റഫീഖ് കൂളത്ത്, ഇബ്രാഹിം കുട്ടി നന്നമ്പ്ര, റഫീഖ് പന്താരങ്ങാടി, മുജീബ് സി.വി എന്നീ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും സകരിയ നന്നമ്പ്ര നന്ദിയും പറഞ്ഞു.



