മക്ക – വ്യാജ ബലി കൂപ്പണ്‍ വില്‍പനയെ കുറിച്ച് പരസ്യങ്ങള്‍ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയ പ്രവാസിയെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ നൽകിയാണ് ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത്. നിയമപരമായ ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് അറസ്റ്റിലായതെന്ന് മക്ക പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത ശേഷം കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സേവനങ്ങളെക്കുറിച്ച് പൊതുസുരക്ഷാ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യുക, വ്യാജ ഹജ്ജ് സർവീസുകൾ, ബലിമൃഗങ്ങളെ നൽകൽ, മാംസം വിതരണം ചെയ്യൽ, ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടക്കുന്ന ലൈസൻസില്ലാത്ത പരസ്യങ്ങളിൽ വഞ്ചിതരാകരുത്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ബലിയറുക്കൽ സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. സൗദി അറേബ്യയുടെ ഔദ്യോഗിക പദ്ധതിയായ ‘അദാഹി’ പ്ലാറ്റ്‌ഫോം, ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ‘നുസുക്’ (Nusuk) ആപ്ലിക്കേഷൻ എന്നിവയിലൂടെ മാത്രമേ ഇത്തരം സേവനങ്ങൾ തേടാവൂ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും അധികൃതർ അറിയിച്ചു.



