റിയാദ് – സ്വകാര്യ മേഖലയില്‍ 600 തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള 50 ലേറെ തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് പുറപ്പെടുവിപ്പിച്ചതായി വകുപ്പ് മന്ത്രി അഹ്‌മദ് അല്‍റാജ്ഹി. ബജറ്റ് 2026 ഫോറത്തില്‍ പങ്കെടുക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വദേശികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിക്കും സാമ്പത്തിക വികസനത്തിന്റെ ആവശ്യകതകള്‍ക്കും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനും ലക്ഷ്യമിട്ടാണ് ഇത്രയും തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കിയത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ നയങ്ങളും പ്രോഗ്രാമുകളുമാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണം.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 25 ലക്ഷം കവിഞ്ഞിട്ടുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നു. തൊഴില്‍ വിപണിയില്‍ സൗദി വനിതകളുടെ പങ്കാളിത്തം 34 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം മെച്ചപ്പെട്ടിട്ടുണ്ട്. വിഷന്‍ 2030 ന്റെ ഭാഗമായ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തന്ത്രത്തിലെ 94 ശതമാനം സംരംഭങ്ങളും ഇതിനകം നടപ്പാക്കി. ഇത് മെച്ചപ്പെട്ട തൊഴില്‍ വിപണി കാര്യക്ഷമതക്കും സൗദി പൗരന്മാര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്.
ഫ്രീലാന്‍സ് തൊഴില്‍ രീതിയില്‍ രാജ്യം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈ രീതിയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 4,30,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വളര്‍ച്ച തൊഴില്‍ വിപണിയിലെ കരിയര്‍ ഓപ്ഷനുകളുടെ വികാസത്തിനും തൊഴില്‍ ശൈലികളുടെ വൈവിധ്യവല്‍ക്കരണത്തിനും അടിവരയിടുന്നു. സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളുമായി തൊഴില്‍ ശേഷികളുടെ വിന്യാസം വര്‍ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു.



