തായിഫ് – സ്‌കൂളിനു മുന്നില്‍ ഏറ്റുമുട്ടിയ യുവാക്കളെ തായിഫ് പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. തുടർന്ന് അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.
നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് സംഘർഷത്തിൻ്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾക്കെതിരെയും പോലീസ് കേസെടുത്തു. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുകയാണെന്ന് തായിഫ് പോലീസ് അറിയിച്ചു.
