റിയാദ് – വിഷന്‍ 2030ന്റെ 85 ശതമാനം ലക്ഷ്യങ്ങളും കഴിഞ്ഞ വര്‍ഷാവസാനത്തോടെ കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്. റിയാദില്‍ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഷന്‍ 2030 ന്റെ ഭാഗമായ മിക്ക സംരംഭങ്ങളും നിശ്ചിത ലക്ഷ്യങ്ങള്‍ കവിയുകയോ പ്രതീക്ഷകള്‍ക്കപ്പുറം ഫലങ്ങള്‍ നേടുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റിയാദിനെ മിഡില്‍ ഈസ്റ്റിലെ പ്രധാന പ്രാദേശിക ബിസിനസ്, നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു. 675 അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങള്‍ റിയാദിലേക്ക് ആകര്‍ഷിക്കുന്നതില്‍ സൗദി അറേബ്യ ഇതിനകം വിജയിച്ചിട്ടുണ്ട്.
2034 ലോകകപ്പുമായി ബന്ധപ്പെട്ട് നിയോം അടക്കമുള്ള ചില പ്രദേശങ്ങളിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാജ്യം ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന 2034 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലും അടിസ്ഥാന സൗകര്യങ്ങളിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിഷന്‍ 2030 ആരംഭിച്ച ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയായി വര്‍ധിച്ച് 650 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 1.3 ട്രില്യണ്‍ ഡോളറായി. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണ ഇതര മേഖലകളുടെ സംഭാവന 40 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി വര്‍ധിച്ചു. തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും സൗദി വിഷന്‍ 2030 ഏറെ ഗുണം ചെയ്തിട്ടുണ്ട്.



