ജിദ്ദ– ഇന്ത്യയുമായി നേരത്തെ ഒപ്പുവെച്ച വിസ ഇളവ് കരാറിന് സൗദി മന്ത്രിസഭ അന്തിമ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. പുതിയ കരാർ പ്രകാരം നയതന്ത്ര, ഔദ്യോഗിക, പ്രത്യേക പാസ്പോർട്ടുകൾ കൈവശമുള്ള ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് ഹ്രസ്വകാല സന്ദർശനങ്ങൾക്ക് വിസ ആവശ്യമില്ല. സൗദി ശൂറാ കൗൺസിൽ നേരത്തെ അംഗീകരിച്ച ഈ കരാർ മന്ത്രിസഭയുടെ കൂടി അനുമതി ലഭിച്ചതോടെ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയാണ്. ഇതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് ചില തീരുമാനങ്ങളും യോഗത്തിലുണ്ടായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഭിന്നശേഷിക്കാരുമായ സൗദി പൗരന്മാരുടെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, ഇഖാമ പുതുക്കൽ, റീ-എൻട്രി വിസ തുടങ്ങിയ ഫീസുകൾ സർക്കാർ വഹിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.


മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ പാകിസ്ഥാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 28-ന് മുൻപുണ്ടായിരുന്നതുപോലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി. നിയന്ത്രണങ്ങളില്ലാതെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കണമെന്നും കൂടുതൽ അസ്ഥിരത ഒഴിവാക്കാൻ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും സൗദി ആവർത്തിച്ചു. സംഭാവന സമാഹരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾക്കും യോഗം അംഗീകാരം നൽകി.
പരിസ്ഥിതി സംരക്ഷണ രംഗത്ത് സൗദി കൈവരിച്ച നേട്ടങ്ങളെയും മന്ത്രിസഭ പ്രകീർത്തിച്ചു. 2026-ലെ സൗദി പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചത് രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ്. സംരക്ഷിത വനമേഖലകൾ നാലിരട്ടിയായി വർദ്ധിപ്പിക്കാനും മരുഭൂമിയായി മാറിയ പത്തുലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കാനും രാജ്യത്തിന് സാധിച്ചു. പുനരുപയോഗ ജലം ഉപയോഗിച്ച് 15.9 കോടി മരങ്ങൾ നട്ടുവളർത്തുന്ന പദ്ധതിയും വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുന്ന പ്രവർത്തനങ്ങളും വിജയകരമായി തുടരുകയാണ്. പരിസ്ഥിതി മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ നേതൃപരമായ പങ്ക് വഹിക്കാൻ സൗദിക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി.



