തെഹ്‌റാൻ– ഒമാൻ തീരത്തിനടുത്തുള്ള ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്ത് രണ്ട് അമേരിക്കൻ വാണിജ്യ കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഇറാൻ അധികൃതർ അറിയിച്ചു. കപ്പലുകൾക്ക് മുന്നോട്ട് പോകാനോ പിന്നിലേക്ക് മാറാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പതാക ഘടിപ്പിച്ച രണ്ട് കപ്പലുകൾ കടലിടുക്ക് സുരക്ഷിതമായി മറികടന്നുവെന്ന അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ അവകാശവാദം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പൂർണ്ണമായും നിഷേധിച്ചു.
മുസന്ദം, അൽഖൈൽ ദ്വീപുകൾക്ക് സമീപമുള്ള ഹോർമുസ് കടലിടുക്കിന്റെ തെക്കൻ തീരപ്രദേശത്ത് കപ്പലുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ ആഴമോ സൗകര്യമോ ഇല്ലെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. പാറക്കെട്ടുകൾ നിറഞ്ഞതും ആഴം കുറഞ്ഞതുമായ ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണ്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകൾ കാരണം അമേരിക്കൻ കപ്പലുകൾ അപകടാവസ്ഥയിലാണെന്നും ഇറാൻ മാധ്യമങ്ങൾ കൂട്ടിച്ചേർത്തു. കടലിടുക്കിലെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകളുടെ ഈ കുടുങ്ങിക്കിടക്കൽ അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.



