മക്ക – പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വളരെ നേരത്തെ ഉംറ സീസണ്‍ ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ദുല്‍ഹജ് 14 മുതല്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി. ഉംറ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങള്‍ വികസിപ്പിച്ചാണ് തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കുകയെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
മുന്‍ കാലത്ത് ഹജ് തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായ ശേഷം മുഹറം ഒന്നു മുതലാണ് വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ വിസ അനുവദിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഹാജിമാരുടെ മടക്കം പൂര്‍ത്തിയാകുന്നതിനു മുമ്പായി തന്നെ ഉംറ വിസ അനുവദിച്ചു തുടങ്ങുകയായിരുന്നു. ലോക രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താന്‍ ഉന്നമിടുന്നു. ഈ ലക്ഷ്യത്തോടെ വിസാ നടപടികള്‍ എളുപ്പമാക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. ഉംറ വിസാ കാലവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ തീര്‍ഥാടകര്‍ക്ക് വിസാ കാലയളവില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും. സൗദിയിലെ ഏതു അന്താരാഷ്ട്ര വിമാനത്താവളങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴിയും തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനും സാധിക്കും.