റിയാദ്: രണ്ടായിരത്തോളം വിദേശ ഉംറ ഏജന്‍സികളുമായുള്ള കരാര്‍ സൗദി ഹജ് ഉംറ മന്ത്രാലയം റദ്ദാക്കിയതോടെ ഇന്ത്യയിലെ ഉംറ വിസ വിതരണം പ്രതിസന്ധിയില്‍. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഉംറ വിസ വിതരണം പ്രതിസന്ധിയിലായത്. റമദാനില്‍ ഉംറക്ക് പോകാന്‍ ആഗ്രഹിച്ച നിരവധി പേര്‍ വിസക്ക് വേണ്ടി അപേക്ഷ നല്‍കാനിരിക്കെയാണ് വിസ പ്രതിസന്ധിയുണ്ടായത്. ഉംറക്ക് വേണ്ടി പലരുടെയും അപേക്ഷ ഏജന്‍സികളുടെ പക്കലുണ്ട്. ഇപ്പോള്‍ പരിമിതമായി മാത്രമേ വിസ ലഭിക്കുന്നുള്ളൂ. അതിന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുകയാണ് ഏജന്‍സികള്‍.
സൗദിയിലെ പ്രവാസികള്‍ക്ക് വിദേശത്തുള്ളവരെ ഉംറ കര്‍മ്മത്തിന് ആഥിത്യമരുളാന്‍ ഇപ്പോള്‍ അവസരമുണ്ട്. പ്രവാസിയുടെ ഇഖാമ കോപ്പി, നാഷണല്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഉംറ ഏജന്‍സികള്‍ വിസക്ക് അപേക്ഷിക്കും. അത് അബ്ശിര്‍ വഴി അനുമതി നല്‍കിയാല്‍ വിസ റെഡി. ഏപ്രില്‍ 18 വരെ സൗദിയില്‍ താമസിക്കാവുന്ന ഉംറ വിസകളാണ് ഇപ്പോള്‍ ഇഷ്യു ചെയ്യുന്നത്. ആതിഥേയനായ പ്രവാസിയുടെയും ഏജന്‍സിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും ഇപ്രകാരം സൗദിയിലെത്തുന്ന തീര്‍ഥാടകര്‍. ഓരോ വിസക്കും ഒരു ഉംറ ഓപറേറ്ററും വിദേശ ഉംറ ഏജന്‍സിയുമുണ്ടാകും.
ഉംറ തീര്‍ഥാടകര്‍ക്ക് മോശം സര്‍വീസ് നല്‍കിയതിനെ തുടര്‍ന്ന് 1800 വിദേശ ഉംറ ഏജന്‍സികളുടെ കരാര്‍ റദ്ദാക്കിയതായും 5800 ഏജന്‍സികള്‍ക്ക് അവരുടെ സേവനം ക്രമപ്പെടുത്താന്‍ 10 ദിവസത്തെ സമയ പരിധി നല്‍കിയതായും സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ ഏജന്‍സികളുടെയും സേവനം മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ നടപടി. നടപടി നേരിട്ട ഏജന്‍സികള്‍ക്ക് പുതിയ വിസകള്‍ ഇഷ്യു ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അവര്‍ വഴി ഇഷ്യു ചെയ്ത വിസകള്‍ കാന്‍സല്‍ ആകില്ല. വിസ ലഭിച്ചവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല.
വിലക്കേര്‍പ്പെടുത്തിയ ഏജന്‍സികള്‍ സര്‍വീസുകള്‍ ക്രമപ്പെടുത്തിയാല്‍ വീണ്ടും വിസ ഇഷ്യു ചെയ്യാന്‍ അവസരം ലഭിക്കും. പത്ത് ദിവസത്തെ സമയപരിധിക്കുള്ളില്‍ സേവനങ്ങള്‍ ക്രമപ്പെടുത്തിയില്ലെങ്കില്‍ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹജ് ഉംറ മന്ത്രാലയം വക്താവ് ഗസ്സാന്‍ അല്‍നുവൈമി അറിയിച്ചു.



