നിയോം – കഴിഞ്ഞ നാല് വര്‍ഷമായി നിലവിലുണ്ടായിരുന്ന മൂന്ന് സെമസ്റ്റര്‍ സമ്പ്രദായം അവസാനിപ്പിച്ച്, അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാന്‍ സൗദിയിലെ പൊതുവിദ്യാലയങ്ങള്‍ തയാറെടുക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. രണ്ടര ആഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാനാണ് തീരുമാനം. പൊതുഅവധികളും വേനലവധിയും അധ്യയന വര്‍ഷാരംഭവും അവസാനവും നിര്‍ണയിച്ച് അടുത്ത നാല് വര്‍ഷത്തേക്ക് നേരത്തെ അംഗീകരിച്ച അക്കാദമിക് കലണ്ടര്‍ നിലനിര്‍ത്തും.
രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. പ്രതിവര്‍ഷം കുറഞ്ഞത് 180 സ്‌കൂള്‍ ദിവസങ്ങള്‍ ഉറപ്പാക്കക്കുന്നതിന് കാരണമായ പ്രധാന വികസന നടപടിയായിരുന്നു മൂന്നു സെമസ്റ്റര്‍ സമ്പ്രദായം. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്മെന്റ് കണക്കുകള്‍ പ്രകാരം വിദ്യാഭ്യാസപരമായി പുരോഗമിച്ച രാജ്യങ്ങളിലെ ശരാശരി സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണവുമായി ഈ മാനദണ്ഡം പൊരുത്തപ്പെടുന്നുണ്ട്.
മൂന്നു സെമസ്റ്റര്‍ സമ്പ്രദായത്തെ കുറിച്ച് വിദഗ്ധര്‍, വിദ്യാഭ്യാസ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ വിശാലമായ പങ്കാളിത്തത്തോടെ മന്ത്രാലയം സമഗ്രമായ പഠനം നടത്തിയിരുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സെമസ്റ്ററുളുടെ എണ്ണവുമായി നേരിട്ട് ബന്ധമില്ലെന്ന് പഠനത്തില്‍ വ്യക്തമായി. മറിച്ച് അധ്യാപക യോഗ്യതയും പ്രചോദനവും, പാഠ്യപദ്ധതി വികസനം, സ്‌കൂള്‍ പരിസ്ഥിതി മെച്ചപ്പെടുത്തല്‍, ഭരണ നിലവാരവും സ്ഥാപന പരിവര്‍ത്തനവും ഉയര്‍ത്തല്‍, സ്‌കൂളുകള്‍ക്ക് കൂടുതല്‍ അധികാരങ്ങൾ നല്‍കുന്നതിലൂടെ നിയമ, വ്യവസ്ഥ പാലനം നിരീക്ഷിക്കല്‍, മാറ്റത്തിന്റെ യഥാര്‍ഥ ഏജന്റുമാരായി സ്‌കൂളുകളെ ശാക്തീകരിക്കല്‍ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ അവശ്യ ഘടകങ്ങളുമായാണ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നത് ബന്ധപ്പെട്ടിരിക്കുന്നത്.
ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിന് അക്കാദമിക് കലണ്ടറില്‍ വഴക്കം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും സുസ്ഥിരതയും പഠനം എടുത്തുകാണിച്ചു. ഉചിതമായ വിദ്യാഭ്യാസ സമ്പ്രദായം നിര്‍ണയിക്കുന്നതില്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്‍ പോലുള്ള ചില പൊതു, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വൈവിധ്യവും വഴക്കവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും.
ഹജ്, ഉംറ, തീര്‍ഥാടന സീസണുകളുടെ ആവശ്യങ്ങളും ആവശ്യകതകളും കണക്കിലെടുത്ത് മക്ക, മദീന പ്രവിശ്യകളിലെയും തായിഫ്, ജിദ്ദ ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ വേനലവധിക്കു ശേഷം ഒരാഴ്ച വൈകിയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. മക്കയിലും മദീനയിലും തായിഫിലും ജിദ്ദയിലും ഓഗസ്റ്റ് 31 ന് ആണ് വേനലവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കുക. മറ്റു പ്രവിശ്യകളില്‍ ഓഗസ്റ്റ് 24 ന് പുതിയ അധ്യന വര്‍ഷം ആരംഭിക്കും.