ജിദ്ദ- ജിദ്ദയിൽനിന്ന് ദമാമിലേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രക്കിന് തീപ്പിടിച്ചു. അപകടത്തിൽനിന്ന് മലയാളി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജിദ്ദ ഷറഫിയ കെ.എം.സി.സി സെക്രട്ടറി ഷാഹുൽ വണ്ടൂരിന്റെ ട്രക്കാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽനിന്ന് 700 കിലോമീറ്റർ അകലെ റുവൈദയിലാണ് അപകടമുണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അരുൺ പോത്തഞ്ചേരി(36)യാണ് രക്ഷപ്പെട്ടത്.
അപകടത്തിൽപെട്ട ട്രക്കിനെ അനുഗമിച്ച ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ട്രക്കിലെ ജീവനക്കാരായ അമീൻ, ഷഗീൽ എന്നിവരാണ് കത്തിക്കൊണ്ടിരുന്ന ട്രക്കിൽനിന്ന് അരുണിനെ രക്ഷിച്ചത്. റോഡിൽനിന്ന് തെന്നിമാറിയ ട്രക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിക്കുകയായിരുന്നു. ബോധരഹിതനായ അരുണിനെ അമീനും ഷഗീലും വാഹനത്തിൽനിന്ന് സാഹസികമായി രക്ഷിച്ചു. അരുണിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.