മദീന – ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
സൗദിയിലേക്കും തിരിച്ചുമായി 4,400 സര്‍വീസുകളില്‍ 8,08,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയ ഇത്തവണ യാത്രാ സൗകര്യം നല്‍കിയതായി സൗദിയ ഗ്രൗണ്ട് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അബ്ദുറസാഖ് ബാഅക്‌സ പറഞ്ഞു. 74 ദിവസം നീണ്ടുനിന്ന ഹജ് സര്‍വീസ് കാലത്ത് ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 147 വിമാനങ്ങള്‍ ഉപയോഗിച്ച് 145 വിദേശ നഗരങ്ങളിലേക്ക് സൗദിയ ഹജ് സര്‍വീസുകള്‍ നടത്തി.
ബുക്കിംഗ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ ഇത്തവണത്തെ ഹജ് സീസണില്‍ സൗദിയ നടപ്പാക്കി. ബാഗേജ് രഹിത ഹജ് സംരംഭം ഈ വര്‍ഷവും തുടര്‍ന്നു. ഹാജിമാരുടെ ബാഗേജുകള്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന ഈ പദ്ധതിയിലൂടെ 2,70,000 ലേറെ ബാഗേജുകള്‍ കൈകാര്യം ചെയ്തു. ഇത് എയര്‍പോര്‍ട്ടുകളില്‍ തീര്‍ഥാടകരുടെ നീക്കങ്ങള്‍ സുഗമമാക്കി.
ഹജ് തീര്‍ഥാടകരുടെ പരിചരണ സേവനങ്ങളുടെ ഭാഗമായി 2,40,000 ലേറെ സംസം വാട്ടര്‍ ബോട്ടിലുകളും ഹാജിമാര്‍ക്കിടയില്‍ സൗദിയ വിതരണം ചെയ്തു. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച്, വിവിധ രാജ്യക്കാരായ തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ ഒന്നിലധികം ഭാഷകളില്‍ ഹജ് കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അടങ്ങിയ ബോധവല്‍ക്കരണ ഉള്ളടക്കങ്ങള്‍ വിമാന യാത്രക്കിടെ നല്‍കിയതായും മുഹമ്മദ് ബിന്‍ അബ്ദുറസാഖ് പറഞ്ഞു.