റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി കാരണം വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ നിന്ന് 10 പ്രത്യേക വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലേക്ക് ഇന്‍ഡിഗോ ഒരുക്കിയിട്ടുണ്ട്. പ്രത്യേക അനുമതിയുടെയും വ്യോമഗതാഗത സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഈ സര്‍വീസ്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെയാണ് ഈ നടപടികള്‍ പുരോഗമിക്കുന്നത്.
വിദേശ വിമാനകമ്പനികള്‍ ഇന്ത്യയിലേക്ക് പരിമിത സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. അതിനാല്‍ യാത്രക്ക് മുമ്പ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെടണം. ടിക്കറ്റ് റീ ഫണ്ട്, റീ ഷെഡ്യൂള്‍, മറ്റു വിവരങ്ങള്‍ എന്നിവക്കും കമ്പനികളുമായ സംസാരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യക്കാര്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം- റിയാദ് ഇന്ത്യന്‍ എംബസി
റിയാദ്: റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് നിരവധി വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ലഭ്യതക്കനുസരിച്ച് അവ ഉപയോഗപ്പെടുത്താമെന്നും റിയാദ് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും വിഎഫ്എസ് സെന്ററുകളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. അവശ്യസമയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എംബസിയുടെ 966114884697 ലാന്റ് ലൈനും 966542126748 വാട്‌സാപും 8002471234 ടോള്‍ഫ്രീയും കേണ്‍സുലേറ്റിന്റെ 966126648660 ലാന്റ്‌ലൈനും 966536209704 വാട്‌സാപും 966556122301 മൊബൈല്‍ നമ്പറും 8002440003 ടോള്‍ഫ്രീയും സേവനനിരതമാണ്.
സൗദിയില്‍ വിമാനത്താവങ്ങള്‍ അടച്ചിട്ടില്ല. ചില വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്.



