കാസർകോട്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുപ്പത്തിയാറുകാരിയായ യുവതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയായ യുവതിക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചു. നേരത്തെ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പതിനേഴുകാരൻ.
പതിനേഴുകാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ അതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകുന്നതിനിടെ, താൻ യുവതിയുടെ ലൈംഗിക പീഡനത്തിന് ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഹോസ്ദുർഗ് പോലീസ് വിവരം രാജപുരം പോലീസിനെ അറിയിക്കുകയും കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും തുടരന്വേഷണം ഊർജിതമാക്കിയതായും രാജപുരം പോലീസ് അറിയിച്ചു.



