റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിലൂടെ ഡോ. ഇനാസ് ബിന്‍ത് സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഈസയെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം. 2019 മാര്‍ച്ച് മുതല്‍ റിയാദ് പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ഈനാസ് അല്‍ഈസ സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ്. രാജ്യത്തിന്റെ വിഷന്‍ 2030 ന് അനുസൃതമായി സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ പരിവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ക്കിടെ ഡോ. ഈനാസ് നേതൃത്വം നല്‍കി.
2004 ല്‍ കാനഡയിലെ ഡല്‍ഹൗസി സര്‍വകലാശാലയില്‍ നിന്ന് അനാട്ടമിയിലും ന്യൂറോബയോളജിയിലും പി.എച്ച്.ഡി നേടിയാണ് ഡോ. ഈനാസ് അക്കാദമിക് ജീവിതം ആരംഭിച്ചത്. 1999 ല്‍ ഇതേ സര്‍വകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും 1996 ല്‍ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്ന് ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ സയന്‍സില്‍ ബിരുദവും നേടി.
കിംഗ് സൗദ് യൂനിവേഴ്‌സിറ്റി അണ്ടര്‍ സെക്രട്ടറി, സയന്‍സ് ആന്റ് മെഡിക്കല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍, വിദ്യാഭ്യാസ, അക്കാദമിക് കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, യൂനിവേഴ്‌സിറ്റി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് തുടങ്ങി വിവിധ അക്കാദമിക് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 50 ലേറെ ശാസ്ത്രീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വികസനത്തിലും സമ്പദ്വ്യവസ്ഥയിലും സൗദി വനിതകളുടെ പ്രകടന സൂചകങ്ങള്‍ അളക്കുന്ന നാഷണല്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ വുമണ്‍ സ്ഥാപിക്കല്‍ പോലുള്ള ഗുണപരമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ പങ്കാളിയായി.
യൂനിവേഴ്‌സിറ്റി അഫയേഴ്‌സ് കൗണ്‍സില്‍, എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ബോര്‍ഡ്, മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനുള്ള ദേശീയ സമിതി, കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ഡിസേബിലിറ്റി റിസേര്‍ച്ച് അതോറിറ്റി, നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി സ്റ്റിയറിംഗ് കമ്മിറ്റി എന്നിവ അടക്കം നിരവധി ദേശീയ സമിതികളില്‍ അംഗമാണ്.