മക്ക – ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്ക നഗരത്തിനകത്ത് ആറു പാര്‍ക്കിംഗുകള്‍ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സ്വന്തം വാഹനങ്ങള്‍ ഇവിടങ്ങളില്‍ നിര്‍ത്തി തീര്‍ഥാടകര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളും ഉപയോഗപ്പെടുത്തി ഹറമിലെത്തി മനഃസമാധാനത്തോടെയും പ്രയാസരഹിതമായും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. ജംറ, ദഖം അല്‍വബ്ര്‍, അമീര്‍ മിത്അബ്, കുദയ്, അല്‍സാഹിര്‍, അല്‍റുസൈഫ എന്നീ പാര്‍ക്കിംഗുകളാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നീക്കിവെച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് അനുയോജ്യമായ പാര്‍ക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീര്‍ഥാടകരും വിശ്വാസികളും ഹറമിലേക്ക് പോകാന്‍ പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളും പ്രയോജനപ്പെടുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. തീര്‍ഥാടകരും ഹറമിലേക്ക് പോകുന്ന വിശ്വാസികളും സഞ്ചരിക്കുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗുകളിലേക്ക് തിരിച്ചുവിടാന്‍ ട്രാഫിക് പോലീസ് സോര്‍ട്ടിംഗ്, കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.