റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരന്മാരുടെ ഭവന നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനായി നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ലെവി ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന ശൂറാ കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന നിർദ്ദേശം ഉയർന്നുവന്നത്.
റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വിപണിയിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും നിർമ്മാണ മേഖലയെ ലെവിയിൽ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകുമെന്ന് ശൂറാ കൗൺസിൽ അംഗം റാഇദ അബൂനയാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം സമഗ്രമായ പഠനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളുമായുള്ള സഹകരണ കരാറുകൾക്കും കൗൺസിൽ അംഗീകാരം നൽകി. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി സൗദിയും ഒമാനും തമ്മിൽ ഒപ്പുവെച്ച കരട് ധാരണാപത്രം കൗൺസിൽ അംഗീകരിച്ചു. കൂടാതെ, ധാതുവിഭവ മേഖലയിൽ കാനഡയുമായും, ഊർജ്ജ മേഖലയിൽ ജർമ്മനിയുമായും ഒപ്പുവെച്ച ധാരണാപത്രങ്ങൾക്കും ശൂറാ കൗൺസിൽ അംഗീകാരം നൽകി. നേപ്പാളിൽ നിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇരു ഗവൺമെന്റുകളും തമ്മിലുള്ള കരാറിനും കൗൺസിൽ പച്ചക്കൊടി കാട്ടി.



