റിയാദ് – റിയാദിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ അതിശക്തമായി അപലപിച്ചു. ഇതിനെ ക്രൂരവും ഭീരുത്വമാര്‍ന്നതും നീതീകരിക്കാത്തതുമായ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും മുഴുവന്‍ മേഖലയുടെയും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ, പ്രത്യേകിച്ച് സിവിലിയന്മാരെയും സിവിലിയന്‍ വസ്തുക്കളെയും ലക്ഷ്യമിടുന്നത് വിലക്കുന്ന 1949 ലെ നാലാം ജനീവ കണ്‍വെന്‍ഷന്റെയും, ഏതൊരു ആക്രമണത്തില്‍ നിന്നും നയതന്ത്ര സ്ഥലങ്ങളുടെ സംരക്ഷണവും പവിത്രതയും ഉറപ്പുനല്‍കുന്ന 1961 ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്റെയും വ്യക്തവും നഗ്‌നവുമായ ലംഘനമാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ സൗദി പറഞ്ഞു.
ഇത്തരം ആക്രമണാത്മക പെരുമാറ്റം ഇറാന്‍ ആവര്‍ത്തിക്കുന്നത് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കുന്നതിലേക്കും പിരിമുറുക്കത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടും. അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അപകടകരമായ സമീപനം തുടരുന്നതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇവർ മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാര്‍, സ്വന്തം ഭൂപ്രദേശത്ത് താമസക്കുന്ന പ്രവാസികള്‍ എന്നിവരെ സംരക്ഷിക്കുന്നതിന്, ആക്രമണത്തോട് എല്ലാ നിശ്ചയദാര്‍ഢ്യത്തോടെയും ശക്തിയോടെയും പ്രതികരിക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂര്‍ണ്ണവും അചഞ്ചലവുമായ അവകാശം തങ്ങള്‍ക്കുണ്ടെന്നും സൗദി വ്യക്തമാക്കി.



