മക്ക– ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ‘ജനകീയ നേതാവിന്റെ ദീപ്തസ്മരണകളിൽ’ എന്ന പേരിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്ത കർമ്മങ്ങളുടെ മഹത്വത്തിനും ഉപകാരങ്ങൾക്കും അപ്പുറം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് ജനങ്ങൾക്ക് മേൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ നേർ ചിത്രമാണ് ഉമ്മൻ ചാണ്ടിയെന്ന മഹാനായ കോൺഗ്രസ് നേതാവെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മക്കയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയുടെ സ്ഥാപക നേതാവും, ഐഒസി സീനിയർ ലീഡറും ആയ ഹാരിസ് മണ്ണാർക്കാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഐഒസിയുടെ പ്രധാന നേതാക്കളും മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ആയ സാക്കിർ കൊടുവള്ളി, ഷംനാസ് മീരാൻ, അൻവർ ഇടപ്പള്ളി, നിസ്സാ നിസാം, ഷംല ഷംനാസ്, ഷീമാ നൗഫൽ, സമീന സാക്കിർ ഹുസൈൻ, സലീം മല്ലപ്പള്ളി തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ദീൻ വടക്കഞ്ചേരി, ഫിറോസ് എടക്കര, നൗഫൽ കരുനാഗപ്പിള്ളി, ഹബീബ് കോഴിക്കോട്, നഹാസ് കുന്നിക്കോട്, മുഹമ്മദ് ഹസ്സൻ അബ്ബ, ജെസീന അൻവർ, ജെസ്സി ഫിറോസ്, ജുമൈല ഹുസൈൻ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. യോഗത്തിന് നൗഷാദ് തൊടുപുഴ സ്വാഗതവും സർഫറാസ് തലശ്ശേരി നന്ദിയും പറഞ്ഞു.