ജിദ്ദ- അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ ആലുങ്ങല്‍ മുഹമ്മദിന് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അംഗീകാരം. ‘2025 ലെ മികച്ച ആരോഗ്യ സംരക്ഷണ നേതാക്കള്‍: സ്ഥാപകരും ഓഹരി ഉടമകളും എന്ന പട്ടികയിലാണ് ആലുങ്ങല്‍ മുഹമ്മദ് സ്ഥാനം പിടിച്ചത്.
വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്‍കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്‌സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടിക. നാല്‍പത്തിയഞ്ചാം റാങ്കിലാണ് ആലുങ്ങലിനെ ഉള്‍പ്പെടുത്തിയത്.
2025 പതിപ്പില്‍, മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 50 സ്ഥാപകരെയും ഓഹരി ഉടമകളെയും കൂടാതെ 100 പ്രമുഖ എക്‌സിക്യൂട്ടീവുകളെയും സി.ഇ.ഒമാരെയും ആണ് ഫോബ്‌സ് ആദരിക്കുന്നത്. മികച്ച ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള ആലുങ്കല്‍ മുഹമ്മദിന്റെ പ്രതിബദ്ധതയും, അബീര്‍ ഗ്രൂപ്പിന് അദ്ദേഹം നല്‍കുന്ന വളര്‍ച്ചയുടേയും പരിവര്‍ത്തനത്തിന്റേയും മുഖവുമാണ് ഈ സുപ്രധാനമായ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അബീര്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.



