റിയാദ് : പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഉടനെ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാര്‍ക്കും നിവേദനം നല്കി. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും നാട്ടിലെ സാധാരണക്കാരായ പൗരന്മാര്ക്കിടയിലും കനത്ത ആശങ്കയ്ക്കും സാമ്പത്തിക ഭാരത്തിനും കാരണമായിട്ടുള്ള ഈ രണ്ട് നിര്‍ണായക വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു .
36 പേജുകളുള്ള പാസ്പോര്‍ട്ടിന്റെ അപേക്ഷാ ഫീസ് 1500 രൂപയില്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താനുള്ള തീരുമാനം സാധാരണക്കാരായ പൗരന്മാര്ക്കേറ്റ കടുത്ത ഇരുട്ടടിയാണ്. ജോലി തേടുന്ന യുവാക്കള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ ജീവനക്കാര്‍ക്കും വിശേഷിച്ചും സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പെട്ടെന്നുള്ള ഈ വര്‍ധനവ് താങ്ങാനാവാത്തതാണ്. പാസ്പോര്‍ട്ട് എന്നത് ഒരു ആഡംബര വസ്തുവല്ല, മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്കുന്ന ജനവിഭാഗത്തിന് മേല്‍ ഈ രീതിയില്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നത് തികച്ചും അനീതിയും അപലപനീയവുമാണ്. വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്നും സാധാരണക്കാരന് പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്ന രീതി ഉറപ്പുവരുത്തണമെന്നും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അതേപോലെ പാസ്പോര്‍ട്ട് ഒരു പൗരത്വ രേഖയല്ലെന്ന നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അതിനെ പൗരത്വത്തിന്റെ കൃത്യമായ തെളിവായി കാണാനാവില്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല നിലപാട് രാജ്യത്താകമാനവും വിദേശ ഇന്ത്യക്കാര്‍ക്കിടയിലും വലിയ ആശയക്കുഴപ്പവും നിയമപരമായ അനിശ്ചിതാവസ്ഥയുമാണ് ഉണ്ടാക്കിയിട്ടുള്ളത്. വിവിധ സര്ക്കാര്നിയമപാലന ഏജന്‍സികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയത, പശ്ചാത്തലം, നിയമപരമായ പദവി എന്നിവയെല്ലാം ഈ പ്രക്രിയയിലൂടെ അതീവ ജാഗ്രതയോടെ പരിശോധിക്കപ്പെടുന്നുണ്ട്. പരമാധികാരമുള്ള ഒരു സര്‍ക്കാര്‍ സംവിധാനം ഇത്രയും കടുത്ത പരിശോധനകള്‍ക്ക് ശേഷം നല്കുന്ന ഒരു രേഖയ്ക്ക് രാജ്യത്തിനകത്ത് പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് പ്രവാസികള്‍ ഉള്‍പ്പടെ ദശലക്ഷക്കണക്കിന് പൗരന്മാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടത്തിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം, പാസ്പോര്‍ട്ട് എന്നത് അവരുടെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും ദേശീയ അഭിമാനത്തിന്റെയും പരമമായ അടയാളമാണ്. പൗരത്വത്തിനുള്ള തെളിവ് എന്ന നിലയിലുള്ള അതിന്റെ നിയമപരമായ സാധ്യത ഇല്ലാതാക്കുന്നത് പൗരന്മാരും ഭരണകൂടവും തമ്മിലുള്ള അടിസ്ഥാനപരമായ വിശ്വാസത്തെ തകര്‍ക്കുന്നതുമാണെന്ന് കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, കുഞ്ഞിമോന് കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും വിദേശത്തും കഴിയുന്ന പൗരന്മാരോട് കൂടുതല്‍ കാരുണ്യപൂര്‍വ്വം നിയമപരമായി സുരക്ഷിതവുമായ ഒരു സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
