ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 14.9 കോടി കവിഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനം വളര്‍ച്ച കൈവരിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ചലനാത്മകവുമായ വ്യോമയാന വിപണികളില്‍ ഒന്നെന്ന നിലക്ക് സൗദി അറേബ്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു. അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം മേഖല, ആഗോള പരിപാടികള്‍, വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വ്യോമകണക്ടിവിറ്റി എന്നിവയാണ് യാത്രക്കാരുടെ എണ്ണത്തിലെ വലിയ വളര്‍ച്ചക്ക് സഹായിച്ചത്.
കഴിഞ്ഞ കൊല്ലം രാജ്യത്തെ എയര്‍പോര്‍ട്ടുകളിലൂടെ കടന്നുപോയ യാത്രക്കാരില്‍ 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ്. വിമാന സര്‍വീസുകളുടെ എണ്ണം 8.3 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 9,80,400 വിമാന സര്‍വീസുകള്‍ നടന്നു. ഇത് വ്യോമയാന മേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലിന്റെ വ്യക്തമായ സൂചനയാണ്.
യാത്രക്കാരുടെ എണ്ണത്തില്‍ ജിദ്ദ എയര്‍പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ആകെ യാത്രക്കാരില്‍ 38 ശതമാനവും ഉപയോഗിച്ചത് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. പ്രതിദിനം ശരാശരി 1,46,000 യാത്രക്കാര്‍ തോതില്‍ ജിദ്ദ എയര്‍പോര്‍ട്ട് ഉപയോഗിച്ചു. എയര്‍പോര്‍ട്ടിന്റെ ശേഷിയേക്കാള്‍ 107 ശതമാനം കൂടുതലാണിത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും മികച്ച പ്രകടനം കാഴ്ചവെച്ചു. മൊത്തം യാത്രക്കാരില്‍ 29 ശതമാനം കടന്നുപോയത് റിയാദ് എയര്‍പോര്‍ട്ട് വഴിയാണ്. പ്രതിദിനം ശരാശരി 1,12,000 യാത്രക്കാര്‍ വീതം റിയാദ് വിമാനത്താവളം ഉപയോഗിച്ചു. മദീന, ദമ്മാം വിമാനത്താവളങ്ങള്‍ റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. അവയുടെ ശേഷി യഥാക്രമം 137 ശതമാനവും 112 ശതമാനവും കവിഞ്ഞു.
സൗദി എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഉയര്‍ന്ന ആവൃത്തിയില്‍ സര്‍വീസുകളുള്ള (പ്രതിവര്‍ഷം 52 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍) അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 176 ആയി ഉയര്‍ന്നു. ഇത് ലോകമെമ്പാടും നിന്നും സൗദിയിലേക്കുള്ള പ്രവേശനക്ഷമത വര്‍ധിപ്പിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ രാജ്യം സ്ഥാനം ഉറപ്പിച്ചു. കയ്റോ-ജിദ്ദ റൂട്ട് 58 ലക്ഷം സീറ്റുകളുമായി ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തും ദുബായ്-റിയാദ് റൂട്ട് 45 ദശലക്ഷം സീറ്റുകളുമായി ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുമാണ്. യാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ചക്കൊപ്പം എയര്‍ കാര്‍ഗോ മേഖല സ്ഥിരത നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 11.8 ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ എയര്‍ കാര്‍ഗോ നീക്കത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചു. റിയാദ് എയര്‍പോര്‍ട്ടില്‍ 5,76,600 ഉം ജിദ്ദ വിമാനത്താവളത്തില്‍ 4,58,900 ഉം ദമാം വിമാനത്താവളത്തില്‍ 1,31,600 ഉം ടണ്‍ എയര്‍ കാര്‍ഗോ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തു. സാമ്പത്തിക വളര്‍ച്ചയുടെയും ലോജിസ്റ്റിക്സിന്റെയും പ്രധാന ചാലകമെന്ന നിലയില്‍ വ്യോമയാന മേഖലയുടെ പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.



