ജിദ്ദ – മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ചെങ്കടൽ തീരം കേന്ദ്രീകരിച്ച് സൗദി അറേബ്യ എണ്ണ വിതരണം ഊർജിതമാക്കി. രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ വഴി നിലവിൽ പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണയാണ് യാമ്പു തുറമുഖത്തെത്തിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്കിന് ബദലായി ചെങ്കടൽ വഴിയുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കിയ അടിയന്തര പദ്ധതി ഇപ്പോൾ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഇവർ അറിയിച്ചു.
എണ്ണ ലോഡ് കയറ്റാനായി കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു. ഇത് ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ആഗോള വിപണികളിലേക്ക് ഒരു സുപ്രധാന വിതരണ ലൈന്‍ നല്‍കി. യാമ്പു തുറമുഖം വഴി ഇപ്പോൾ പ്രതിദിനം 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനുപുറമെ 7 ലക്ഷം മുതൽ 9 ലക്ഷം ബാരൽ വരെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളും ഈ പാതയിലൂടെ കയറ്റുമതി ചെയ്യുന്നുണ്ട്.
കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈനിലൂടെ എത്തുന്ന 70 ലക്ഷം ബാരലിൽ ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സൗദിയിലെ റിഫൈനറികളിലേക്കാണ് അയക്കുന്നത്. ബാക്കിയുള്ളവയാണ് ചെങ്കടൽ വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. യുദ്ധത്തിന് മുൻപ് പ്രതിദിനം 1.5 കോടി ബാരൽ എണ്ണ നീക്കം ചെയ്തിരുന്ന ഹുർമുസ് ഇടനാഴി അടച്ചുപൂട്ടിയതുമൂലം ഉണ്ടായ വിതരണ കുറവ് ഒരു പരിധി വരെ നികത്താൻ യാമ്പു റൂട്ട് സഹായിക്കുന്നു. സൗദിയുടെ ഈ സജീവ ഇടപെടൽ മൂലം ആഗോള വിപണിയിൽ ഉണ്ടായേക്കാവുന്ന വലിയ തോതിലുള്ള വിലക്കയറ്റം ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്



