റിയാദ്– നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറിലും ബൈക്കിലും കറങ്ങി നടന്ന് ആക്രമണം നടത്തി പിടിച്ചുപറി നടത്തുന്ന സംഘങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ടുകള്‍. നിരവധി പ്രവാസികള്‍ ആക്രമിക്കപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുമായി സഹകരിച്ച് അതിന്റെ തുടര്‍ച്ചയില്ലാത്തത് ഗുരുതര പ്രശ്‌നമായി മാറുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബത്ഹ, മുറബ്ബ, മന്‍ഫൂഹ, ശുമൈസി, അസീസിയ, ശാര റെയില്‍, ഖുറാബി, സനയ്യ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ സമാന രീതിയിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുന്നവരെ നിരീക്ഷിച്ച്, അവസരം നോക്കി ആയുധങ്ങളുമായി എത്തി പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ പിടിച്ചുപറിക്കുന്നതാണ് സംഘങ്ങളുടെ രീതി.
പോലീസ് ഉദ്യോഗസ്ഥരാണെന്നോ ‘സിഐഡി’ ആണെന്നോ പറഞ്ഞ് ഭയപ്പെടുത്തിയും പരിശോധനയുടെ പേരില്‍ പണം കൈക്കലാക്കുന്ന തട്ടിപ്പ് സംഘങ്ങളും സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂരിനെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഭവവും ഉണ്ടായി. സ്ത്രീകളെ ലക്ഷ്യമാക്കി ബൈക്കുകളില്‍ എത്തി ബാഗ് തട്ടിപ്പറിക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. ആയുധം കാട്ടി മൊബൈല്‍, പണം മാത്രമല്ല, എടിഎം പിന്‍ നമ്പര്‍ വരെ പിടിച്ചുപറിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് ചൂണ്ടിക്കാട്ടുന്നത് പരാതി നല്‍കുന്നത് മാത്രം പോരാ. പ്രതികളെ പിടിച്ചാല്‍ അവരെ തിരിച്ചറിയാനും കേസ് മുന്നോട്ട് കൊണ്ടുപോകാനും ഇരകള്‍ സഹകരിക്കണം. അതില്ലെങ്കില്‍ പ്രതികള്‍ക്ക് നിയമത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവസരം ലഭിക്കുമെന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സമാന സാഹചര്യം ഉണ്ടായപ്പോള്‍ ശക്തമായ പരാതികളും ഇരകളുടെ സഹകരണവും കൊണ്ടാണ് പ്രത്യേക അന്വേഷണസംഘങ്ങള്‍ നിയോഗിച്ച് നിരവധി പിടിച്ചുപറി സംഘങ്ങളെ പിടികൂടാനായത്.
മലയാളി സമൂഹത്തില്‍ പരാതി നല്‍കാതെയോ നല്‍കിയാല്‍ പോലും പിന്തുടരാതെയോ മാറുന്ന പ്രവണത കൂടുതലാണെന്നും ഇതുവഴി കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതായും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. പലര്‍ക്കും പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതിനിടെ വാഹന മോഷണ കേസുകളും ഉയരുന്നുണ്ട്. ഒരു പ്രമുഖ റസ്റ്റോറന്റ് മാനേജരുടെ വാഹനം മോഷണം പോയ സംഭവത്തില്‍ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ആഴ്ചകളോളം ഓടിച്ച ശേഷം മാത്രമാണ് കണ്ടെത്താനായത്.
പ്രവാസി സമൂഹവും സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിച്ച് പോലീസുമായി സഹകരിച്ചാല്‍ ഇത്തരം സംഘങ്ങളെ നിയമത്തിന്റെ മുന്നിലെത്തിക്കാനാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകരായ റാഫി പാങ്ങോടും അഫ്‌സല്‍ കണ്ണൂരും അഭിപ്രായപ്പെട്ടു. പരാതി നല്‍കുന്നത് മാത്രമല്ല, തുടര്‍ന്ന് നടക്കുന്ന അന്വേഷണ നടപടികളില്‍ സജീവമായി പങ്കെടുക്കുകയും പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നത് ഓരോ ഇരകളുടെയും ഉത്തരവാദിത്വമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയും സഹകരണവും മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള പ്രധാന മാര്‍ഗമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.



