റിയാദ്: സൗദിയിലെ നികുതിദായകർക്കും വ്യവസായ–വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസമായി പിഴ റദ്ദാക്കലും സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കലും സംബന്ധിച്ച പദ്ധതിയുടെ കാലാവധി ആറുമാസം കൂടി നീട്ടാൻ ധനകാര്യ മന്ത്രി അനുമതി നൽകിയതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആനുകൂല്യം, രാജ്യത്തെ എല്ലാ നികുതി നിയമങ്ങൾക്കും വിധേയരായ നികുതിദായകർക്ക് ബാധകമായിരിക്കും.
വൈകിയ രജിസ്ട്രേഷൻ, വൈകിയ പേയ്മെന്റ്, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ഉണ്ടായ താമസം എന്നിവയ്‌ക്ക് ഏർപ്പെടുത്തിയ പിഴകൾ, വാറ്റ് (VAT) റിട്ടേണുകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട പിഴകൾ, ഇ-ഇൻവോയ്സിംഗ് ചട്ടങ്ങൾ ഉൾപ്പെടെയുള്ള വാറ്റ് പൊതുചട്ടങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട ഫീൽഡ് കൺട്രോൾ ലംഘനങ്ങൾക്ക് വിധിച്ച പിഴകൾ എന്നിവയെല്ലാം ഇളവിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് ZATCA വ്യക്തമാക്കി.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നികുതിദായകർ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. മുമ്പ് സമർപ്പിക്കാത്ത എല്ലാ നികുതി റിട്ടേണുകളും ZATCAയ്ക്ക് സമർപ്പിക്കുകയും, അവയുമായി ബന്ധപ്പെട്ട ബാക്കി നികുതിയുടെ മുഖ്യ തുക പൂർണമായും അടയ്ക്കുകയും വേണം. പദ്ധതി നിലവിലുള്ള കാലയളവിൽ അപേക്ഷ നൽകിയാൽ, അതോറിറ്റി അംഗീകരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി തവണ അടയ്ക്കൽ (ഇൻസ്റ്റാൾമെന്റ്) സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. നിശ്ചിത തീയതികളിൽ എല്ലാ തവണകളും സമയബന്ധിതമായി അടയ്ക്കേണ്ടതുണ്ട്.
അതേസമയം, നികുതി ഒഴിവാക്കൽ (Tax Evasion) ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളും, പദ്ധതി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇതിനകം അടച്ച പിഴകളും ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പദ്ധതിയുടെ വിശദമായ മാർഗനിർദേശം ZATCAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്ന പിഴകളുടെ വിഭാഗങ്ങൾ, ഇളവ് ലഭിക്കാനുള്ള നിബന്ധനകൾ, സാമ്പത്തിക ബാധ്യതകൾ തവണകളായി തീർപ്പാക്കുന്ന നടപടിക്രമങ്ങൾ, ഫീൽഡ് കൺട്രോൾ ലംഘനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2026 ജൂൺ 30ന് അവസാനിക്കുന്ന ഈ നീട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ZATCA നികുതിദായകരോട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കോൾ സെന്റർ നമ്പർ 19993, X അക്കൗണ്ട് @Zatca_Care, ഇ-മെയിൽ [email protected] വഴിയോ, ZATCAയുടെ വെബ്‌സൈറ്റിലെ ഇൻസ്റ്റന്റ് ചാറ്റ് സംവിധാനം എന്നിവ വഴി ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.



