മക്ക- കാലാവസ്ഥ പ്രവചനം ശരിവെച്ച് മക്കയുടെ വിവിധ മേഖലകളിൽ കനത്ത മഴ പെയ്തു. ഈ മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മക്കക്ക് പുറമെ അൽ ലിത്ത്, അൽ-ജുമും, അൽ-ശുഐബ എന്നിവടങ്ങളിലും മഴ പെയ്തു. ഖുൻഫുദയിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. വിശുദ്ധഹറമിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
ആളുകൾ കാലാവസ്ഥ മുന്നറിയിപ്പ് കൃത്യമായി ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുകളിലേക്ക് പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ്, ഏറ്റവും കുറഞ്ഞ ദൃശ്യപരത, ആലിപ്പഴ വർഷം, കൊടുങ്കാറ്റ് എന്നിവക്കെല്ലാം സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ന് രാത്രി പതിനൊന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റെഡ് അലർട്ടാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.