മക്ക – തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവചരിത്രം അടുത്തറിയാന്‍ മ്യൂസിയവും പ്രദര്‍ശനവുമൊരുക്കി സൗദി. വിശുദ്ധ ഹറമിനോട് ചേര്‍ന്ന കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലെ ക്ലോക്ക് ടവറിലാണ് പ്രവാചക ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര പ്രദര്‍ശനവും മ്യൂസിയവും തുറന്നത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരൻ എക്‌സിബിഷൻ്റെയും മ്യൂസിയത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ മേല്‍നോട്ടത്തിലും മക്ക റോയല്‍ കമ്മീഷന്റെ സഹകരണത്തോടെയുമാണ് ക്ലോക്ക് ടവറില്‍ എക്‌സിബിഷനും മ്യൂസിയവും ആരംഭിച്ചത്.
മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് ബിന്‍ ഇബ്രാഹിം അല്‍റഷീദും നിരവധി ഉന്നത നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പ്രവാചക ജീവചരിത്രത്തെയും ഇസ്‌ലാമിക നാഗരികതയെയും കുറിച്ചുള്ള പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രദര്‍ശനങ്ങൾ സന്ദർശിച്ചു. ‘നിങ്ങള്‍ പ്രവാചകനൊപ്പമെന്ന പോലെ’ എന്ന ശീര്‍ഷകത്തിലുള്ള പവലിയനിലില്‍ മക്ക, മദീന, ഹിജ്റ പാത എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.


മ്യൂസിയത്തോടനുബന്ധിച്ചുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇത്ഹാഫിനെ കുറിച്ച് സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനു മുന്നില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രമുഖ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വിജ്ഞാനകോശങ്ങളും ലൈബ്രറിയും ഇത്ഹാഫില്‍ അടങ്ങിയിരിക്കുന്നു. സൗദി അറേബ്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നൂതനവും ആധുനികവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രവാചക ജീവചരിത്രം പ്രചരിപ്പിക്കാന്‍ ഇത്ഹാഫ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇരു ഹറമുകള്‍, പ്രവാചക സുന്നത്ത്, വിശുദ്ധ ഖുര്‍ആന്‍ എന്നിവയെ സേവിക്കുന്നതില്‍ സൗദി അറേബ്യയുടെ ശ്രമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥിരം എക്‌സിബിഷനും ഡെപ്യൂട്ടി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
എക്‌സിബിഷന്‍, മ്യൂസിയം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ക്ക് മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് ബിന്‍ ഇബ്രാഹിം അല്‍റശീദ് നന്ദിയും കടപ്പാടും അറിയിച്ചു. മക്കയിലെ ഗുണനിലവാരമുള്ള പദ്ധതികളോടുള്ള ഭരണാധികാരികളുടെയും മക്ക ഗവര്‍ണറേറ്റിന്റെയും പ്രതിബദ്ധതയാണ് ഈ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നതെന്ന് എന്‍ജിനീയര്‍ സ്വാലിഹ് ബിന്‍ ഇബ്രാഹിം അല്‍റശീദ് പറഞ്ഞു.