റിയാദ്– റിയാദിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പിസിഡബ്ലിയുഎഫ്) ‘അഹ്‌ലന്‍ പൊന്നാനി’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 19ന് (വെള്ളിയാഴ്ച) മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, സിനിമ പിന്നണി ഗായകനും മ്യൂസിക് ആര്‍ട്ടിസ്റ്റുമായ മണികണ്ഠന്‍ പെരുമ്പടപ്പ്, ഖവാലി ഗായകന്‍ ജാഫര്‍ ആഷിക് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് ക്ലേ മോഡലിംഗ്, കുരുന്നോത്സവം, വനിതകള്‍ക്ക് പായസ മത്സരം, മ്യൂസിക് ഷോ, ബിസിനസ് രംഗത്ത് പ്രഗല്‍ഭരായവരെയും 30 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നാനിക്കാരായ പ്രവാസികളെയും ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ അരങ്ങേറും. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
17 വര്‍ഷം മുമ്പ് രൂപീകരിച്ച സംഘടനയാണ് പിസിഡബ്ലിയുഎഫ്. എഡ്യൂസമിതി, മെഡിക്കെയര്‍, സ്വാശ്രയ തൊഴില്‍ സംരംഭങ്ങള്‍, എവര്‍ഗ്രീന്‍ കലാസാംസ്‌കാരിക–സാഹിത്യ വിഭാഗം എന്നിവ ഉള്‍പ്പെടെ വിവിധ സമിതികളിലൂടെ കൂട്ടായ്മ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. സ്ത്രീധനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീധനരഹിത വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ താലൂക്കില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭവനരഹിതരായ നിര്‍ധന അംഗങ്ങള്‍ക്ക് വീടൊരുക്കുന്നതിനായി ‘കൂടെയുള്ളവര്‍ക്ക് കൂടൊരുക്കാം’ എന്ന പദ്ധതിയും കൂട്ടായ്മ നടപ്പാക്കിവരുന്നു. രണ്ടുവര്‍ഷം മുമ്പാണ് റിയാദില്‍ കമ്മിറ്റി രൂപീകരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ്, ട്രഷറര്‍ ഷമീര്‍ മേഘ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഷാ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷിഫ് മുഹമ്മദ്, പബ്ലിസിറ്റി ചെയര്‍മാന്‍ ലബീബ് എന്നിവര്‍ സംബന്ധിച്ചു.



