മക്ക – വിശുദ്ധ കഅബാലയത്തിന് ചുറ്റുമുള്ള മതാഫിനെ വര്‍ണാലംകൃതമാക്കി ഹാജിമാരുടെ വര്‍ണ കുടകള്‍. പല നിറങ്ങളിലുള്ള കുടകള്‍ മനോഹരമായ ആത്മീയ രംഗത്തെ വര്‍ണാഭമാക്കി. വെയിലില്‍ നിന്ന് സംരക്ഷിക്കാന്‍ തീര്‍ഥാടകര്‍ ഉയര്‍ത്തിയ കുടകളുടെ നിറങ്ങള്‍ കൊണ്ട് മതാഫ് അലംകൃതമായി. ഹൃദയങ്ങളുടെ ഐക്യത്തെയും വംശീയ വൈവിധ്യത്തെയും പ്രതിഫലിപ്പിച്ച് വെളിച്ചവും നിഴലും ഇടകലര്‍ന്ന ഊര്‍ജസ്വലമായ ദൃശ്യം ഇത് സൃഷ്ടിച്ചു.
സൂര്യാഘാതം അടക്കം ഉയര്‍ന്ന താപനില കാരണമായ ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ തീര്‍ഥാടകര്‍ കുടകള്‍ ഉപയോഗിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
കുടകള്‍ ഉപയോഗിക്കുന്നത് കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അറുപതു ശതമാനം തോതില്‍ കുറക്കുമെന്നും മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെയും ശക്തമായ ബോധവല്‍ക്കരണത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ഉയര്‍ന്ന താപനില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട തീര്‍ഥാടകരുടെ എണ്ണം 90 ശതമാനം തോതില്‍ കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.