ജിദ്ദ – കഴിഞ്ഞ വര്‍ഷം വിദേശ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ജിദ്ദയില്‍ നാലാമത് ഹജ് സമ്മേളനവും എക്‌സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഹജ് സമ്മേളനത്തിലും എക്‌സിബിഷനിലും 300 ലേറെ സൗദി, വിദേശ ഏജന്‍സികളും വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
2024 ല്‍ 1,85,35,689 വിദേശ തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഇക്കൂട്ടത്തില്‍ 1,69,24,689 പേര്‍ ഉംറ തീര്‍ഥാടകരും 16,11,310 പേര്‍ ഹജ് തീര്‍ഥാടകരുമായിരുന്നു. പുതുതായി 100 ഓളം സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നുസുക് ആപ്പ് പരിഷ്‌കരിച്ചതായും ഹജ്, ഉംറ മന്ത്രി സമ്മേളനത്തില്‍ വെളിപ്പെടുത്തി. സമ്മേളനത്തിനിടെ ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുണ്യഭൂമിയില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ ഒപ്പുവെച്ച കരാറും ഇതില്‍ പെടും.
അതേസമയം, ഈ വര്‍ഷത്തെ ഹജ് വിമാന സര്‍വീസ് സമയക്രമം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ണയിച്ചു. ദുല്‍ഖഅ്ദ ഒന്നു മുതലാണ് ഹജ് സര്‍വീസുകള്‍ക്ക് തുടക്കമാവുക. ദുല്‍ഹജ് 13 മുതല്‍ മടക്ക സര്‍വീസുകള്‍ ആരംഭിക്കും. മുഹറം 15 ന് മടക്ക സര്‍വീസുകള്‍ പൂര്‍ത്തിയാകും.
ഹജ് സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിമാന കമ്പനികളില്‍ നിന്നുള്ള അപേക്ഷകള്‍ ശവ്വാല്‍ 30 വരെ സ്വീകരിക്കും. ഹജ് മിഷനുകളുമായി വിമാന കമ്പനികള്‍ നേരത്തെ തന്നെ കരാറുകള്‍ ഒപ്പുവെക്കണം. മക്കയിലും മദീനയിലും ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്താന്‍ കരാറുകള്‍ ഒപ്പുവെക്കുന്നതിനു മുമ്പായി ഹജ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കണം. ഹിജ്‌റ, ഗ്രിഗോറിയന്‍ കലണ്ടറുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടാകുന്ന പക്ഷം ഹജ് സര്‍വീസുകള്‍ക്ക് ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് അവലംബിക്കുകയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ദേശീയ വിമാന കമ്പനിയായ സൗദിയ കഴിഞ്ഞ വര്‍ഷത്തെ ഹജിന് നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളിലേക്കും തിരിച്ചും 5,000 ലേറെ ഹജ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഇരു ദിശകളിലേക്കുമായി പത്തു ലക്ഷത്തിലേറെ ഹാജിമാര്‍ക്ക് സൗദിയ യാത്രാ സൗകര്യം നല്‍കി.