റിയാദ്: സൗദി അറേബ്യയില്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. ടൂറിസം, ട്രാന്‍സിറ്റ്, വ്യക്തിഗത, ഫാമിലി സന്ദര്‍ശ വിസകള്‍, തൊഴില്‍ വിസകളടക്കം സൗദി അനുവദിക്കുന്ന ഏത് വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യാനും മദീന സന്ദര്‍ശിക്കാനും അനുമതിയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ തീര്‍ഥാടകര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ സൂതാര്യമാക്കുന്നതിന്റെ ഭാഗമായി നുസ്‌ക് ഉംറ പ്ലാറ്റ്‌ഫോം പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഉംറക്ക് അനുമതിയില്ലെന്ന വാര്‍ത്തയുമായി രംഗത്തെത്തിയത്. ഇത് പൊതുജനങ്ങളില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു. ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് ഉംറ നിർവഹിക്കാമെന്ന് നേരത്തെ ദ മലയാളം ന്യൂസ് സൗദി ടൂറിസ്റ്റ് മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയത്. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് മക്കയില്‍ പോയി ഉംറ ചെയ്യാനും മദീനയില്‍ റൗദ ശരീഫ് സന്ദര്‍ശിക്കാനും അനുമതി നല്‍കില്ലെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് നുസ്‌ക് ഉംറ പ്ലാറ്റ്‌ഫോം വഴി അനുയോജ്യ പാക്കേജുകള്‍ തെരഞ്ഞെടുക്കാനും വളരെ സൗകര്യപ്രദമായി ഉംറ ചെയ്യാനും അവസരമൊരുക്കുന്നതിനാണ് നുസ്‌ക് ഉംറ പ്ലാറ്റ്‌ഫോം നവീകരിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വസ്ഥമായി ഉംറ ചെയ്യാന്‍ മികച്ച സേവനങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ളതെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.