റിയാദ്: വിമാനത്താവളങ്ങളിലെ നിരന്തരമായ അനൗൺസ്‌മെന്റുകൾ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണത്തിന് വിട നൽകി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് ശാന്തവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ ‘സൈലന്റ് എയർപോർട്ട്’ (Silent Airport) പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.
പുതിയ മാറ്റത്തോടെ വിമാനത്താവളത്തിൽ പൊതുവായ ശബ്ദപ്രചാരണങ്ങൾ ഒഴിവാക്കും. ഏറ്റവും അത്യാവശ്യമായ അറിയിപ്പുകൾ മാത്രമായിരിക്കും ഇനിമുതൽ പുറപ്പെടൽ (ഡിപ്പാർച്ചർ) ഗേറ്റുകളിൽ പ്ലേ ചെയ്യുക. യാത്രക്കാർ വിവരങ്ങൾ അറിയാൻ പൂർണ്ണമായും ഡിജിറ്റൽ സ്ക്രീനുകളെയും മറ്റ് ഓൺലൈൻ സേവനങ്ങളെയും ആശ്രയിക്കേണ്ടി വരും.
ലോകത്തിലെ മുൻനിര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നടപ്പിലാക്കി വിജയിച്ച മാതൃകയിലാണ് റിയാദിലും ഈ സംവിധാനം കൊണ്ടുവരുന്നത്. വിമാനത്താവളത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാനും ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
യാത്രക്കാർ തങ്ങളുടെ ബോർഡിംഗ് പാസ് വിവരങ്ങളും ഫ്ലൈറ്റ് അപ്‌ഡേറ്റുകളും നിരന്തരം ഫ്ലൈറ്റ് ഇൻഫർമേഷൻ സ്ക്രീനുകളിലൂടെയോ സ്വന്തം മൊബൈൽ ഫോണുകളിലൂടെയോ പരിശോധിക്കേണ്ടതുണ്ട്. സഹായത്തിനായി വിമാനത്താവളത്തിന്റെ വാട്ട്സ്ആപ്പ് സേവനം (920020090), ഔദ്യോഗിക വെബ്‌സൈറ്റ് (KKIA.SA), വിമാനത്താവളത്തിൽടനീളമുള്ള ഡിജിറ്റൽ സൈൻ ബോർഡുകൾ എന്നിവ ലഭ്യമാണ്. കൂടാതെ യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക ഫീൽഡ് ടീമിനെയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ടെർമിനൽ 5-ൽ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ മറ്റ് ടെർമിനലുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.







