റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പുതുചരിത്രം പിറന്നു. സൗദി പൗരന്മാർക്ക് റഷ്യയിലും റഷ്യൻ പൗരൻമാർക്ക് സൗദിയിലും ഇനി മുതൽ വിസയില്ലാതെ പ്രവേശിക്കാം. ഇതുസംബന്ധിച്ച കരാർ നിലവിൽ വന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ കരാർ വഴി രണ്ടു രാജ്യങ്ങളിലെ പൗരന്മാർക്കും ഇനി ടൂറിസം, ബിസിനസ് സന്ദർശനം, ബന്ധുക്കളെ/സുഹൃത്തുക്കളെ കാണൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വിസ ഇല്ലാതെ രാജ്യങ്ങളിൽ പ്രവേശിക്കാനാകും.
കരാർ പ്രകാരം, സൗദി പൗരന്മാർക്കും റഷ്യൻ പൗരന്മാർക്കും ഓരോ വർഷവും ഒറ്റത്തവണ 90 ദിവസം തുടർച്ചയായി തുടരാനോ, അല്ലെങ്കിൽ പലതവണയായി ചേർത്ത് 90 ദിവസം വരെ താമസിക്കാനോ കഴിയും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഈ വ്യവസ്ഥയെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
ടൂറിസം മേഖലയിലെ ഉണർവിനും നിക്ഷേപ ബന്ധങ്ങളുടെ വളർച്ചയ്ക്കും ഈ കരാർ വലിയ പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ. സൗദിയിൽ നിന്ന് റഷ്യയിലെ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.റഷ്യൻ പൗരന്മാർക്കും റിയാദ്, ജിദ്ദ, അൽഉല, ദിർയ്യ പോലുള്ള സൗദിയുടെ വിനോദകേന്ദ്രങ്ങളിലെത്താൻ ഇപ്പോൾ കൂടുതൽ വേഗത്തിലും ലളിതമായും കഴിയും. ഇരുരാജ്യങ്ങളുടെയും ജനങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധങ്ങൾ ഇതുവഴി കൂടുതൽ ശക്തമാകും.
ഊർജ്ജം, വ്യാപാരം, നിക്ഷേപം, സുരക്ഷ, കായികരംഗം എന്നിവയിലും അടുത്തകാലത്തായി ഇരുരാജ്യങ്ങളും നിരവധി സംയുക്ത നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.



