ജിസാൻ – ജിസാന്‍ പ്രവിശ്യയുടെ പുതിയ ഗവര്‍ണറായി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. മന്ത്രി റാങ്കോടെയാണ് നിയമനം. ജിസാന്‍ ഗവര്‍ണറായിരുന്ന മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അബ്ദുല്‍ രാജകുമാരന് പകരമാണ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ തല്‍സ്ഥാനത്ത് നിയമിച്ചത്. ബന്ദര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനെ ജിസാന്‍ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ദാവൂദിനെ ഡെപ്യൂട്ടി നാഷണല്‍ ഗാര്‍ഡ് മന്ത്രിയായും ഫഹദ് ബിന്‍ സഅദ് ബിന്‍ ഫൈസല്‍ രാജകുമാരനെ അല്‍ഖസീം പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു.
രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് ആലുമുഖ്‌രിന്‍ രാജകുമാരനെ ആക്ടിംഗ് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഫഹദ് ബിന്‍ അബ്ദുല്ല അല്‍അസ്‌കറിനെ റോയല്‍ കോര്‍ട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ആയി നിയമിച്ചു. തമീം ബിന്‍ അബ്ദുല്ല അല്‍സാലിമിനെ രാജാവിന്റെ ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. ഈനാസ് ബിന്‍ത് സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഈസയെ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായും രാജാവ് നിയമിച്ചു. കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്‌സ് കാര്യ മേധാവിയായി അബ്ദുല്ല ബിന്‍ സിറാജ് ബിന്‍ മുസ്തഫ സഖ്‌സൂഖിനെയും പ്രതിരോധ മന്ത്രിയുടെ ഇന്റലിജന്‍സ് കാര്യ ഉപദേഷ്ടാവായി ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഉസ്മാന്‍ ബിന്‍ സൈഫിനെയും നിയമിച്ചു.