ജിദ്ദ – ഇത്തവണത്തെ ഉംറ സീസണില്‍ മക്ക, മദീന പ്രവിശ്യകളിലെ നാലു വിമാനത്താവളങ്ങളിലൂടെ 68 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോയതായി മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. റമദാന്‍ ഒന്നു മുതല്‍ ശവ്വാല്‍ ഏഴു വരെയുള്ള കാലത്ത് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, യാമ്പു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ വഴിയാണ് 68 ലക്ഷത്തിലേറെ യാത്രക്കാരും ഉംറ തീര്‍ഥാടകരും കടന്നുപോയത്.
നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു. ഈ കാലയളവില്‍ നാലു എയര്‍പോര്‍ട്ടുകളിലും ആകെ 40,000 ഓളം വിമാന സര്‍വീസുകള്‍ നടന്നു. ഇതില്‍ 25,000 ലേറെ സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും 14,000 ലേറെ സര്‍വീസുകള്‍ ആഭ്യന്തര സര്‍വീസുകളും ആയിരുന്നു.
ഉംറ തീര്‍ഥാടകര്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ സീസണില്‍ 53 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും കടന്നുപോയി. രണ്ടാം സ്ഥാനത്തുള്ള മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 11 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ഉപയോഗപ്പെടുത്തി. യാമ്പു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും തായിഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെയും 2,12,000 ലേറെ യാത്രക്കാരും തീര്‍ഥാടകരും കടന്നുപോയി.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ഫീല്‍ഡ് വര്‍ക്ക് ടീമുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലൂടെയും ജീവനക്കാരെ പിന്തുണക്കുന്നതിലൂടെയും ടെര്‍മിനലുകളില്‍ യാത്രാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിലൂടെയും യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി തുടരുന്നു.
സൗദി അറേബ്യയിലെ 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അനുബന്ധ സ്ഥാപനങ്ങളായ റിയാദ് എയര്‍പോര്‍ട്ട്‌സ്, ജിദ്ദ എയര്‍പോര്‍ട്ട്‌സ്, ദമാം എയര്‍പോര്‍ട്ട്‌സ്, സെക്കന്റ് എയര്‍പോര്‍ട്ട്‌സ് ക്ലസ്റ്റര്‍ വഴി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് കമ്പനി മേല്‍നോട്ടം വഹിക്കുന്നു. സൗദി വിഷന്‍ 2030 ന്റെ ഫലങ്ങളിലൊന്നായ ദേശീയ വ്യോമയാന തന്ത്രത്തിന് അനുസൃതമായി, രാജ്യം നിലവില്‍ ദര്‍ശിക്കുന്ന ദ്രുതഗതിയിലുള്ള വികസനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും അവയുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വികസനവും നേട്ടങ്ങളും കൈവരിക്കുന്നതിന് സുസ്ഥിര വികസന പ്രക്രിയയെ പിന്തുണക്കാനും മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി ലക്ഷ്യമിടുന്നു.