മദീന – തെലങ്കാനയിൽനിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 45 പേർ ദാരുണമായി മരിച്ച ദുരന്തത്തിന്റെ പശ്ചാതലത്തിൽ തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ മദീനയിലെത്തി. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലുമായി അസ്ഹറും സംഘവും കൂടിക്കാഴ്ച നടത്തി. അസ്ഹറിന് പുറമെ,
എം.എൽ.എ മാജിദ് ഹുസൈൻ, സെക്രട്ടറി ബി.ഷഫിയുള്ള ഐ.എഫ്.എസ് എന്നിവരും സംഘത്തിലുണ്ട്.
സംഭവം അറിഞ്ഞതുമുതൽ ഹൃദയവേദന കൊണ്ട് പുളയുകയാണെന്ന് അസ്ഹറുദ്ദീൻ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നു. ഒരു കുടുംബത്തില്‍ നിന്നുള്ള 18 പേര്‍ മരിച്ചു. രാജ്യം മുഴുവൻ സങ്കടത്തിലാണെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. അപകടത്തിൽ മരിച്ച കുടുംബത്തിൽനിന്നുള്ള രണ്ടു പേരെ മദീനയിലേക്ക് സർക്കാരിന്റെ ചെലവിൽ എത്തിക്കും. മരണാനന്തര കർമ്മങ്ങളിൽ ഇവരെ പങ്കെടുപ്പിക്കാനും തെലങ്കാന സർക്കാർ നീക്കം നടത്തുന്നുണ്ട്. അപകടത്തില്‍ മരിച്ച തെലങ്കാനയില്‍ നിന്നുള്ള 45 തീര്‍ഥാടകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നവംബര്‍ ഒമ്പതിന് ഹൈദരാബാദില്‍ നിന്ന് ജിദ്ദയിലേക്ക് യാത്ര ചെയ്ത സംഘം നവംബര്‍ 23 ന് മടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. 54 അംഗ സംഘത്തില്‍ നാലു പേര്‍ കാറില്‍ മദീനയിലേക്ക് നേരത്തെ പോയിരുന്നു. മറ്റ് നാലു പേര്‍ മക്കയില്‍ തന്നെ തുടര്‍ന്നു. ബാക്കിയുള്ള 46 പേരാണ് ബസ് മാര്‍ഗം മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്.
ഒരുമിച്ചു പോകരുതെന്ന് പറഞ്ഞിരുന്നു
ഞാന്‍ അവരോട് ഒരുമിച്ച് പോകരുതെന്ന്, എല്ലാ കുട്ടികളെയും കൊണ്ടുപോകരുതെന്ന് പറഞ്ഞതായി രാംനഗറില്‍ നിന്നുള്ള സയ്യിദ് വേദന കടിച്ചമര്‍ത്തി പറഞ്ഞു. അതല്ലെങ്കില്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ എങ്കിലും രക്ഷപ്പെടുമായിരുന്നെന്ന് സയ്യിദ് പറഞ്ഞു. ഒരു രാത്രിയില്‍, സയ്യിദിന്റെ മൂത്ത സഹോദരി, മക്കള്‍, പേരക്കുട്ടികള്‍ എന്നിവരുള്‍പ്പെടെ മൂന്ന് തലമുറകളില്‍ പെട്ട 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരില്‍ ഒമ്പത് പേര്‍ കുട്ടികളായിരുന്നു.
ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ജീവന്‍ നഷ്ടപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.



