ജിദ്ദ – ഈ വര്‍ഷം മുഴുവന്‍ ഹജ് മേഖലാ ജീവനക്കാരും മെനിംഗോകോക്കല്‍ വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്‍അസീസ് അബ്ദുല്‍ബാഖി വ്യക്തമാക്കി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രതിരോധം വര്‍ധിപ്പിക്കാനും പകര്‍ച്ചവ്യാധികളുടെ വ്യാപനം കുറക്കാനുമുള്ള സുപ്രീം ഹജ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണിത്. തിരക്കേറിയ സ്ഥലങ്ങളില്‍ പടരുന്ന ഗുരുതരമായ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ വാക്‌സിന്‍ സഹായിക്കുന്നു. ഇത് തൊഴിലാളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷ വര്‍ധിപ്പിക്കുകയും അണുബാധ പകരുന്നത് കുറക്കുകയും ഹജ് സീസണിന് ശേഷം സമൂഹ സംരക്ഷണത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും. മെനിംഗോകോക്കല്‍ വാക്‌സിന്‍ അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. അതായത് ഈ കാലയളവിനിടെ ഇത് സ്വീകരിച്ചവര്‍ അംഗീകൃത ആരോഗ്യ ചട്ടങ്ങള്‍ അനുസരിച്ച് വീണ്ടും വാക്‌സിന്‍ എടുക്കേണ്ടതില്ല.
ഹജ് സീസണില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. ആവശ്യമായ സംരക്ഷണ ഫലപ്രാപ്തി ഉറപ്പാക്കാന്‍ ജോലി ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ സ്വീകരിക്കണം. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, കോവിഡ്-19 വാക്‌സിന്‍ തുടങ്ങിയ, ശുപാര്‍ശ ചെയ്യുന്ന മറ്റു വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കേണ്ടതും പ്രധാനമാണ്. പുതിയ വകഭേദങ്ങളെ അഭിസംബോധന ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത കോവിഡ്-19 വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തവര്‍, ഹജ് സീസണില്‍ മൊത്തത്തിലുള്ള സംരക്ഷണം വര്‍ധിപ്പിക്കാനും ആരോഗ്യ തയ്യാറെടുപ്പ് മെച്ചപ്പെടുത്താനും ഒരു ബൂസ്റ്റര്‍ ഡോസ് എടുക്കണം. വാക്‌സിനേഷന്‍ നടത്താന്‍ സിഹത്തീ ആപ്പ് വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.



