ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ അഞ്ച് ദിവസത്തോളം വിവിധ ഹോട്ടലുകളിൽ പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഹോട്ടലുടമകളെയും മാനേജർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മദ്യം കുടിപ്പിച്ചായിരുന്നു പ്രതികൾ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നത്.
പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് പ്രകാരം, വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഒരു റിക്ഷാ തൊഴിലാളി ഹോട്ടലുടമയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് നഗരത്തിലെ വിവിധ ഹോട്ടലുകളിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളും വേദനയും ഉണ്ടാകുമ്പോഴെല്ലാം പ്രതികൾ പെൺകുട്ടിയെ നിർബന്ധിതമായി മദ്യം കുടിപ്പിച്ചിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു. സംഭവം പുറത്തറിയാതിരിക്കാനും പ്രതികൾ പരമാവധി ശ്രമിച്ചിരുന്നു.
ശ്രീ ഗംഗാനഗർ ജില്ലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. മേഖലയിൽ പ്രവർത്തിക്കുന്ന നൂറ്റമ്പതിലധികം വരുന്ന അനധികൃത ഹോട്ടലുകൾ അടിയന്തരമായി പൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതികളായ റിക്ഷാ തൊഴിലാളിക്കും ഹോട്ടലുടമകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വൻ പ്രതിഷേധ പ്രകടനം നടത്തി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ധർണ്ണയിൽ പങ്കെടുത്ത കരൺപൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ രൂപീന്ദർ സിംഗ് കുന്നാർ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ഉടനടി നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ വീഴ്ചവരുത്തിയ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും, ക്രൂരത തടയുന്നതിൽ പ്രാദേശിക ഭരണകൂടവും പോലീസും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും കുന്നാർ കുറ്റപ്പെടുത്തി.



