ഹജിനിടെ കാണാതായ ഉപ്പാക്ക് വേണ്ടി മക്കളായ റിയാസും സൽമാനും നിരന്തരമായി മെസേജുകൾ അയക്കാറുണ്ടായിരുന്നു. ഈ വർഷത്തെ ഹജിനിടെ കാണാതായ വാഴയൂർ സ്വദേശി മുഹമ്മദ് മാസ്റ്റർക്ക് വേണ്ടി ലോകത്തിന്റെ നാനാരാജ്യത്തുനിന്ന് ആളുകൾ പതിവായി ബന്ധപ്പെടാറുണ്ട്. സ്വന്തം വീട്ടിലെ ഒരാളെ കാണാതായ പോലെയായിരുന്നു എല്ലാവർക്കും.
കുവൈത്തിൽനിന്ന് റിയാസിന്റെയും സൽമാന്റെയും മെസേജ് പതിവായി വരും. ഉമ്മയുടെ കൂടെ ഹജിന് എത്തിയ ഉപ്പ മിനയിലെ ആൾക്കൂട്ടത്തിൽനിന്നാണ് എവിടയോ പോയ് മറഞ്ഞത്. ഉപ്പ എവിടെയെങ്കിലും ഉണ്ടാകുമെന്ന് തന്നെയായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. തിരയാൻ ഒരിടവും ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്നില്ല.
ഏതാനും ദിവസം മുമ്പാണ് ഇന്ത്യൻ എംബസി വഴി കുടുംബത്തിന് വിവരം ലഭിച്ചത്. ഉപ്പ ഇനിയില്ല, പോയി എന്ന്. ഉടൻ റിയാസും സൽമാനും വിളിച്ചു. അവർ മക്കയിലേക്ക് വന്നു. അതിനും മുമ്പേ രണ്ടു തവണ റിയാസ് ഉപ്പയെ തേടി മക്കയിലെത്തിയിരുന്നു.
റിയാസും സൽമാനും എത്തുന്നതിന് മുമ്പേ മക്കയിലെ മുഹസ്സിം മോർച്ചറിയിലെത്തി ഞാൻ മുഹമ്മദ് മാസ്റ്ററുടെ ചേതനയറ്റ ശരീരം കണ്ടിരുന്നു. വൈകാതെ സൽമാനും റിയാസുമെത്തി. ഖബറടക്കാനുള്ള നടപടികൾ പൂർത്തിയാക്കി. മക്ക ഗവർണറേറ്റിന്റെ പ്രത്യേക അനുമതിയിൽ ജന്നത്തുൽ മുഅല്ലയിൽ തന്നെ മുഹമ്മദ് മാസ്റ്റർക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ലഭിച്ചു.
ഇന്നലെ മഗ് രിബ് നമസ്കാരത്തിന് ശേഷം വിശുദ്ധ ഹറമിൽ ജനലക്ഷങ്ങളുടെ പ്രാർത്ഥനയിൽ മുഹമ്മദ് മാസ്റ്ററുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു. ജന്നത്തുൽ മുഅല്ലയിലേക്കുള്ള ആംബലൻസിൽ മുഹമ്മദ് മാസ്റ്ററുടെ മയ്യിത്തുമായി നീങ്ങി. ഞാൻ ആദ്യം ഖബറിലേക്കിറങ്ങി. റിയാസിനെയും സൽമാനെയും ഖബറിലേക്കിറക്കി.
മുജീബ്ക്കാ, ഞങ്ങൾക്ക് ഒന്നുമറിയില്ലാട്ടോ എന്ന് ഇരുവരും കണ്ണീരണിഞ്ഞ് പറഞ്ഞു. ഞങ്ങൾ മൂന്നുപേരും ഉപ്പയെ ഖിബ് ല (മക്കയിലെ വിശുദ്ധ ഹറമിന്റെ ഭാഗത്തേക്ക്) ചെരിച്ചു കിടത്തി. കവിളിൽ ഇരുമക്കളും മണ്ണുവെച്ചു. മണ്ണ് മണ്ണിനോട് ചേർന്നു.
കുറെനേരം പ്രാർത്ഥിച്ചു. മടങ്ങാനുള്ള നേരമായി. റിയാസ് എന്നെ കെട്ടിപ്പിടിച്ചു. വാക്കുകളൊന്നും പറയാനുണ്ടായിരുന്നില്ല. ഹൃദയത്തിന്റെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. പ്രിയപ്പെട്ട, റിയാസ്, കഴിഞ്ഞ കുറേ ദിവസങ്ങളായി നമ്മളൊരുമിച്ചുണ്ടായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ഞാൻ റിയാസിന്റെ മരണവാർത്ത അറിഞ്ഞത്. മക്കയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ തായിഫിൽനിന്ന് നൂറിലേറെ കിലോമീറ്റർ അകലെ റിദ്വാനിലെ റോഡപകടത്തിൽ റിയാസ് യാത്ര തിരിച്ചിരിക്കുന്നു. മടക്കമില്ലാത്ത യാത്ര.
അറിഞ്ഞില്ല റിയാസ്, നീ എന്നലെ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് അവസാനത്തെ യാത്ര പറയലാണെന്ന്…