മക്ക- ജനാധിപത്യ സമൂഹത്തിന് ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപ തെരഞ്ഞെടുപ്പിലെ ജന വിധിയെന്ന് മക്ക കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഢാലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി യുടെ തന്ത്രങ്ങളും പാലക്കാടൻ ജനത തള്ളിക്കളഞ്ഞു. വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നൽകിയ നാല് ലക്ഷം വോട്ടിന്റെ വിജയം “ഇന്ത്യ”മുന്നണിക്ക് കരുത്തു പകരുമെന്നും യോഗം വിലയിരുത്തി.
വരുന്ന പഞ്ചായത്ത് മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും യു.ഡി.എഫിന് ഉജ്വല വിജയത്തിനുള്ള ഉപ തെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും യോഗം വിലയിരുത്തി. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, മുഹമ്മദ് മൗലവി, എം.സി നാസർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, നാസർ ഉണ്യാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും സിദ്ധിഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.