ജിദ്ദ- ചെങ്കടൽ തീരത്തെ നഗരമായ ജിദ്ദയെ ത്രസിപ്പിക്കാനൊരുങ്ങി മൈത്രി ജിദ്ദയുടെ ഇരുപത്തിയെട്ടാം വാർഷികം. ജിദ്ദയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ, കലാ സാംസ്‌കാരിക, കായിക മികവിന്റെയും ക്രിയാത്മകമായ സാമൂഹിക ഇടപെടലിന്റെയും ഇരുപത്തിയെട്ടു വർഷം പൂർത്തിയാക്കിയാണ് മൈത്രി മൈത്രീയം’24 ആഘോഷത്തിലേക്ക് നീങ്ങുന്നത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന കലാകാരന്മാർക്ക് ജിദ്ദയിൽ ഉജ്ജ്വല സ്വീകരണം നൽകി.
അടുത്ത വെള്ളിയാഴ്ച (നവംബർ 15) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന മൈത്രീയം’24 ൽ അരങ്ങ് തകർക്കാനെത്തുന്ന പ്രമുഖ ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള എന്നിവർക്ക് ജിദ്ദയിൽ സ്വീകരണം നൽകി. ബഷീർ അലി പരുത്തികുന്നൻ, നവാസ് ബാവ തങ്ങൾ, ഷരീഫ് അറക്കൽ, ഉണ്ണി തെക്കേടത്ത്, ഫവാസ്, മൻസൂർ വയനാട്, പ്രിയ റിയാസ്, ബർക്കത്ത് ഷരീഫ്, നൂറുന്നീസ ബാവ, അയിഷ ഫവാസ് തുടങ്ങിയവർ ചേർന്ന് കലാകാരൻമാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ആഘോഷങ്ങൾക്ക് നവോന്മേഷം പകർന്ന് മൈത്രിയുടെ അറുപതിലേറെ കുട്ടികളും മുതിർന്നവരും പങ്കാളികളാകുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളും ജിദ്ദയെ കാത്തിരിക്കുന്നു.
ആഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. ജിദ്ദ സമൂഹത്തിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകുന്ന മുഹമ്മദ് കുട്ടി പാണ്ടിക്കാട് – (ജീവ കാരുണ്യം), വിനീത പിള്ള (ആരോഗ്യരംഗം), സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട് (കലാസാംസ്കാരികം) എന്നിവരെയും ആദരിക്കുമെന്ന് പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, പി ആർ ഒ സിയാദ് അബ്ദുല്ല, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ അറിയിച്ചു.